മലപ്പുറം: പോലീസ് സ്‌റ്റേഷനിൽ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും എസ്‌ഐയും തമ്മിൽ കയ്യാങ്കളി. പ്രസിഡന്റിന്റെ മുഖത്തടിക്കുകയും പാർട്ടി ജില്ലാ സെക്രട്ടറിയെ തെറിവിളിക്കുകയും ചെയ്ത എസ്‌ഐയെ അരമണിക്കൂറിനുള്ളിൽ സ്ഥലംമാറ്റി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തിരൂർ സ്‌റ്റേഷനിലെ എസ്‌ഐ കെവി വിപിനെയാണ് അന്വേഷണ വിധേയമായി എആർ ക്യാംപിലേക്ക് മാറ്റിയത്. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെയാണ് ഇയാൾ അടിച്ചത്.
നൗഷാദ് നെല്ലാഞ്ചേരിയുടെ വാർഡിലെ മത്സ്യത്തൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 10ന് സ്റ്റേഷനിൽ ഹാജരാകാൻ വിപിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾക്ക് ജോലി ഉളളതിനാൽ എത്താൻ സാധിക്കില്ലെന്നും മറ്റൊരു സമയം നൽകണമെന്നും നൗഷാദ് വിപിനെ വിളിച്ചു പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടേണ്ടെന്ന് എസ്‌ഐ നൗഷാദിനോട് പറയുകയും ഇതേച്ചൊല്ലി ഫോണിലൂടെ ഇരുവരും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതോടെ നൗഷാദ് വെട്ടം പഞ്ചായത്തിന്റെ വാഹനത്തിൽ സ്റ്റേഷനിലെത്തി. ഇവിടെ വച്ചും ഇരുവരും വാക്കുതർക്കമുണ്ടായി. ഇതിനിടെ പൊടുന്നനെ എസ്‌ഐ മുഖത്തടിക്കുകയായിരുന്നു എന്നാണ് നൗഷാദ് നെല്ലാഞ്ചേരി പറയുന്നത്.
പിന്നീട് കോളറിൽ പിടിച്ചും നെഞ്ചിൽ തള്ളിയും സ്റ്റേഷന്റെ പുറത്തെത്തിക്കുകയും സ്റ്റേഷനിൽനിന്നു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷൻ വളപ്പിൽനിന്നു പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പുറത്തേക്കു കൊണ്ടുപോകാനും ആവശ്യപ്പെട്ടു. വിവരമറിഞ്ഞതോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ.ജയനും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ യു.സൈനുദ്ദീനും സ്ഥലത്തെത്തി. ഇവരോടും വിപിൻ കയർത്തു സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഇതോടെ എസ്‌ഐക്കെതിരെ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ ഓഫീസിനകത്ത് കയറി വാതിലടച്ചു കുറ്റിയിട്ടു.പ്രതിഷേധം ഉയർന്നതോടെ വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഇ ജയനെ നേരിൽ വിളിച്ചെന്നാണു വിവരം. എസ്‌ഐക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന ഉറപ്പും നേതാക്കൾക്ക് ലഭിച്ചു.
Discussion about this post