തിരുവനന്തപുരം: ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. രാഷ്ട്രീയ തിമിരം കൊണ്ട് മാത്രം എല്ലാത്തിനെയും നോക്കിക്കാണുന്ന ചില സാംസ്‌കാരിക പ്രവർത്തകർ ഒന്നിന് പിന്നാലെ ഒന്നായി ഹിന്ദുവിനെ അപമാനിച്ചു. കുറെക്കാലമായി അത് തുടങ്ങിയിട്ട്. സിനിമയിലായാലും സാഹിത്യത്തിലായാലും പ്രസംഗമേഖലയിലും നമ്മുടെ ബിംബങ്ങളെ തച്ചുടയ്ക്കാൻ ഒരു ഭയവും സങ്കോചവുമില്ലാത്ത അവസ്ഥ ഉണ്ടാക്കി തീർത്തു. പക്ഷെ നിലയ്ക്കൽ നമ്മൾ വിസ്മരിച്ചിട്ടില്ലെന്നും വിസ്മരിക്കാൻ കഴിയില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു.
സ്പീക്കർ എഎൻ ഷംസീറും സിപിഎം നേതാക്കളും ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും നിരന്തരം അവഹേളിക്കുന്നതിൽ പ്രതിഷേധിച്ചും സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും തിരുവനന്തപുരത്ത് ഹൈന്ദവ സമൂഹം നടത്തിയ നാമജപയാത്രയിൽ സംസാരിക്കുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
2000 ത്തിൽ മാനവീയം എന്ന പരിപാടി നടത്തി. അതിൽ ഒരു പ്ലോട്ട് ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ച് ചങ്ങല കെട്ടി വലിക്കുന്നത് ആയിരുന്നു. അത് നടത്തിയത് മാർക്‌സിസ്റ്റ് പാർട്ടിയാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാൻ ആർക്കും അവകാശമുണ്ട്. പക്ഷെ അത്തരം ആശയങ്ങളുടെ പേരിൽ ഒരു ധർമ്മ വ്യവസ്ഥയെ മാത്രം നിന്ദിക്കുന്നത് എത്ര നാൾ തുടരണം, എത്രകാലം സഹിക്കണമെന്നും സ്വാമി ചിദാനന്ദപുരി ചോദിച്ചു.
അതിൽ പ്രവർത്തിക്കുന്നവർക്ക് പതുക്കെ പതുക്കെ ബോധം ഉണ്ടായി വരുന്നുണ്ട്. നൂറുകണക്കിന് ചെറുപ്പക്കാർ നമ്മളെ സമീപിക്കുന്നുണ്ട്. അവരുടെ വ്യഥ തുറന്നുപറയുന്നുണ്ട്. കാലം മാറുന്നുണ്ട് എന്ന് നേതൃത്വം മനസിലാക്കിയാൽ നന്ന് എന്ന് മാത്രമാണ് പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽപമെങ്കിലും വിവേകം ഉള്ളിലുണ്ടെങ്കിൽ അവർക്ക് കേൾക്കാനും മനസിലാക്കാനും വേണ്ടിയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ ഇരുളിന്റെ മറവിൽ വേഷപ്രച്ഛന്നരാക്കി സർക്കാർ സംവിധാനം ഉപയോഗിച്ച് എത്രമാത്രം ഹൈന്ദവ ചേതനയെ അപമാനിച്ചു. അന്നും സമാധാനത്തോടെ നാമജപത്തോടെ പ്രതിഷേധം അറിയിച്ച സമൂഹത്തിന് നേർക്ക് നിരവധി കേസുകളെടുത്തു. കോവിഡ് വന്നപ്പോൾ എല്ലായിടത്തും നിയന്ത്രണം വന്നു. ശബരിമലയിൽ ഭക്തർ കുറഞ്ഞപ്പോൾ നിങ്ങളുടെ അയ്യപ്പന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാകുമല്ലോ എന്ന് ചോദിച്ചത് ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരാകുമ്പോൾ അത് എത്രമാത്രം അപമാനമാകുമെന്ന് ചിന്തിക്കണമെന്നും ചിദാനന്ദപുരി സ്വാമി പറഞ്ഞു.
ഗുരുവായൂരപ്പന്റെ ഒരു നയാ പൈസ ഹൈന്ദവ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന ഗുരുവായൂർ ദേവസ്വം ബോർഡ് ആക്ടിന്റെ വകുപ്പുകൾ മുഴുവൻ കാറ്റിൽപറത്തി എങ്ങനെ ഫണ്ട് അടിച്ചുമാറ്റിയെന്ന് വിശ്വാസി സമൂഹം കണ്ടതാണ്. കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത്. ആ മുഖ്യമന്ത്രിക്ക് എവിടെയാണ് ഗുരുവായൂരപ്പൻ എന്ന് അറിയില്ല. പണത്തെ സംബന്ധിച്ച് സംശയമില്ല. പക്ഷെ കൃഷ്ണനെ സംബന്ധിച്ച സംശയം തുടരുകയാണ്. ഹൈന്ദവ ബോധത്തെ എങ്ങനെയെങ്കിലും വ്യാമോഹിപ്പിക്കണം. അതിനാണ് ഇതൊക്കെ. ആ വ്യാമോഹിപ്പിക്കാമെന്ന വ്യാമോഹം ഇനി നടക്കില്ലെന്നും ചിദാനന്ദപുരി സ്വാമി പറഞ്ഞു.
Discussion about this post