തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വികസന കാര്യത്തിൽ പ്രചരണം നടത്തുന്നവർ അടിസ്ഥാന വികസനത്തെ പറ്റി മനസിലാക്കണമെന്ന് ജി സുധാകരൻ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനെ പേരെടുത്ത് പറായാതെയാണ് വിമർശനം. വികസന പ്രചാരണം നടത്തുന്നവർ ചരിത്ര വസ്തുത ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താരതമ്യേന ഭേദപ്പെടട് രീതിയിൽ വകുപ്പ് ഭരിച്ച തന്നെ കുറിച്ച് പൂർണമായും മറന്നു കൊണ്ടാണ് ഈ സർക്കാരിന്റെ കാലത്തെ പിഡബ്ല്യൂഡി വകുപ്പിന്റെ വിലയിരുത്തലെന്ന് നേരത്തെയും അദ്ദേഹം പലസമയത്തായി വിമർശനം ഉന്നയിച്ചിരുന്നു. ഈ വരുന്ന 24 ാം തീയതി ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള രണ്ട് പാലങ്ങളുടെ ഉദ്ഘാടനമാണ്. കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി റിയാസ് നിർവഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരവധി ഫ്‌ളെക്‌സ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഈ ഫ്‌ളെക്‌സിൽ മുഖ്യമന്ത്രി, മന്ത്രി റിയാസ്, ആരിഫ് എംപി,ചിത്രരജ്ഞൻ എംഎൽഎ എന്നിവരുടെ ചിത്രങ്ങൾ മാത്രമാണുള്ളത്. ജി സുധാകരന്റെ പേരോ ചിത്രമോ എവിടെയും നൽകിയിട്ടില്ല. ഇതാണ് ജി സുധാകരനെ ചൊടിപ്പിച്ചതെന്നാണ് വിവരം.
ഇന്നലെ വൈകി ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താൻ മന്ത്രിയായിരിക്കുമ്പോൾ ആണ് ഈ കൊമ്മാടി, ശവക്കോട്ട പാലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ഞൂറ് പാലങ്ങളുടെ നിർമ്മാണം തുടങ്ങിവച്ചത്. ആലപ്പുഴ ജില്ലയിൽ മാത്രം താൻ മുൻകൈ എടുത്ത് എട്ട് പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചു. എന്നാൽ കൊവിഡ് കാരണം നിർമ്മാണം പ്രതീക്ഷ സമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതാണിപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. പക്ഷേ താൻ ചെയ്ത കാര്യങ്ങളെ പറ്റി ആരും തന്നെ ഒന്നും പറയുന്നില്ലെന്നാണ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവിന്റെ പരാതി. മുൻ സർക്കാരിന്റെ കാലത്ത് വകുപ്പ് ചെയ്ത എല്ലാ നല്ല കാര്യങ്ങളും മറക്കുന്നു. ഇത് ശരിയായ നടപടിയല്ലെന്നും ഇത് ഇടതുപക്ഷത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി ബ്രാഞ്ച് കമ്മറ്റി അംഗമായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് ജി സുധാകരൻ.അദ്ദേഹം പാർട്ടി പരിപാടികളിൽ ഇപ്പോൾ അത്ര സജീവമായി പങ്കെടുക്കാറില്ല. ഇതിനിടയിലാണ് മന്ത്രി റിയാസിനെതിരെയുള്ള വിമർശനം.
Discussion about this post