കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ സുതാര്യ ഇടപാടുകളാണ് നടന്നതെന്ന സിപിഎം അവകാശവാദത്തെ വീണ്ടും വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. വീണയും അവരുടെ കമ്പനിയായ എക്‌സലോജിക്കും സിഎംആർഎൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1 കോടി 72 ലക്ഷം രൂപയ്ക്ക് ജിഎസ്ടിയോ ഐജിഎസ്ടിയോ അടച്ചതായി കണ്ടില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അടച്ചിട്ടില്ല എന്നതാണ് ഇപ്പോഴത്തെയും തന്റെ ഉത്തമബോധ്യമെന്നും അദ്ദേഹം ആവർത്തിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ കണക്കുകൾ പുറത്തുവിടട്ടെ എന്നാണ് പറഞ്ഞത്. എന്റെ വാക്കുകൾ തെറ്റാണെങ്കിൽ പൊതു സമൂഹത്തോട് ഏറ്റുപറയാനും വീണയെപ്പോലൊരു സംരംഭകയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പു പറയാനും മടിയില്ല. എന്നാൽ സിഎംആർഎൽ കമ്പനിയിൽ നിന്നും വീണയും എക്‌സലോജിക്കും കൈപ്പറ്റിയ ഒരു കോടി 72 ലക്ഷം രൂപയ്ക്ക് ജിഎസ്ടിയോ ഐജിഎസ്ടിയോ അടച്ചില്ലെന്ന് തെളിയിച്ചാൽ പിണറായിയും എകെ ബാലനും എന്ത് ചെയ്യുമെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
ഒരു സെയിൽ നടക്കുമ്പോൾ ആദ്യം ഇൻവോയ്‌സ് ജനറേറ്റ് ചെയ്യണം. 1 എയിൽ ജിഎസ്ടിആർ ഫയൽ
ചെയ്തു കഴിയുമ്പോൾ അത് വാങ്ങിയ കർത്തയുടെ കമ്പനിയുടെ 2 എയിൽ റിഫ്‌ളക്ട് ചെയ്യും. അത് വലിയ സങ്കീർണമായ നടപടിയല്ല. എല്ലാം ഓട്ടോമാറ്റിക് ആണ് ഇപ്പോൾ.
രണ്ട് കമ്പനികൾ തമ്മിലുളള ഇടപാടാണെന്നും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉണ്ടെന്നും സുതാര്യമാണെന്നും പഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ്. ആ ഡേറ്റിലുളള ഇൻവോയ്‌സും ജിഎസ്ടിആർ 1 എ ഫയൽ ചെയ്തതും ഹാജരാക്കിയാൽ അത് വ്യക്തമാകും. പക്ഷെ ഏതെങ്കിലും സമയത്ത് ഫയൽ ചെയ്ത ജിഎസ്ടിആർ അല്ലെങ്കിൽ ഐജിഎസ്ടി അല്ല ഹാജരാക്കേണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അതാത് മാസങ്ങളിൽ ഫയൽ ചെയ്ത ഇൻവോയ്‌സുകൾ ഹാജരാക്കണം.
വീണയ്‌ക്കെതിരായ ആരോപണം തെറ്റാണെന്നും മാത്യു കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്നും സിപിഎം നേതാവ് എകെ ബാലൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എകെ ബാലനുളള മറുപടിയായിട്ടാണ് മാത്യു കുഴൽനാടന്റെ വാക്കുകൾ. എകെ ബാലൻ മുതിർന്ന നേതാവ് ആണ്.
ഞാൻ തുടക്കക്കാരൻ. പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ പറയുന്നത് കുറച്ച് കൂടിയ വെല്ലുവിളിയാണെന്നും മാത്യു കുഴൽനാടൻ പരിഹസിച്ചു. ആരോപണം തെറ്റാണെന്ന് തെളിയിച്ചാൽ മാപ്പ് പറയുമോ എന്ന് ചോദിച്ചിരുന്നു. അത് രണ്ടാമത്തെ ഓപ്ഷനാണ് അതിന് താൻ തയ്യാറാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) കമ്പനിയിൽ നിന്നാണ് വീണയ്ക്കും അവരുടെ കമ്പനിക്കും മാസപ്പടി നൽകിയിരുന്നത്. വീണയ്ക്ക് അഞ്ച് ലക്ഷം രൂപ വീതവും എക്‌സലോജിക്കിന് 3 ലക്ഷവും വീതമാണ് നൽകിയിരുന്നത്. കമ്പനിക്ക് യാതൊരു സേവനങ്ങളും ഇവരിൽ നിന്ന് ലഭിച്ചില്ലെന്ന് കമ്പനി ഡയറക്ടർ ശശിധരൻ കർത്ത ആദായനികുതി തർക്ക പരിഹാര ബോർഡിൽ പറഞ്ഞിരുന്നു.
Discussion about this post