മലപ്പുറം : സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറുകൾ തുടർക്കഥയാവുന്നു. വന്ദേ ഭാരതിനും രാജധാനി എക്‌സ്പ്രസിനും നേരെയാണ് ഇത്തവണ കല്ലേറുണ്ടായത്. മലപ്പുറത്തും കാസർകോടും വെച്ചാണ് ഇരു സംഭവങ്ങളും നടന്നത്.
മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറുണ്ടായത്. ഇന്ന് വൈകീട്ട് ട്രെയിൻ സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്‌നൽ മറികടക്കുന്നതിനിടെയായിരുന്നു സംഭവം. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും കണ്ടെത്താനായില്ല.
കാസർകോട് കാഞ്ഞങ്ങാട് വച്ച് സമാനമായ മറ്റൊരു സംഭവം നടന്നു. വൈകീട്ട് 3.45ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി. യാത്രക്കാരനാണ് ഈ വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Discussion about this post