മലപ്പുറം: തുവ്വൂരിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ വിഷ്ണു കുറ്റം സമ്മതിച്ചെന്നാണ് വിവരം. അറസ്റ്റിലായ വിഷ്ണുവിനെയും സംഘത്തെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കാണാതായ സുജിത തന്നെയാണ് കൊല്ലപ്പെട്ടത് എന്ന കാര്യം വ്യക്തമായിട്ടുണ്ട്. എങ്കിലും മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. മൃതദേഹം പുറത്തെടുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിഷ്ണുവിന്റെ വീട്ടിൽവച്ചാണ് പ്രതികൾ കൊലനടത്തിയത് എന്നാണ് വിവരം. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. ഇതിന് ശേഷം സുജിതയുടെ ആഭരണങ്ങൾ വിൽക്കാനും ഇയാൾ ശ്രമിച്ചിരുന്നു.
കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായി. മൃതദേഹം കുഴിച്ചിട്ട ഭാഗം മെറ്റൽ കൊണ്ട് മൂടിയിരുന്നു. സുജിതയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വിഷ്ണു പോസ്റ്റുൾപ്പെടെ ഇടുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ പിതാവിനെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. തുവ്വൂർ സ്വദേശി മുത്തുവാണ് അറസ്റ്റിലായത്. സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് ഇരുവർക്കും പുറമേ കേസിൽ അറസ്റ്റിലായിട്ടുള്ളത്.
Discussion about this post