കണ്ണൂർ: തന്റെ പുസ്തകമായ മൈ ലൈഫ് ആസ് എ കോമ്രേഡ് കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത ശരിയല്ലെന്ന വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജ. വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സർവ്വകലാശാല അധികൃതരെ വിളിച്ച് അന്വേഷിച്ചതായും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെകെ ശൈലജ അറിയിച്ചു.
ആത്മകഥാംശമുളള ഓർമ്മക്കുറിപ്പുകളായിട്ടാണ് മൈ ലൈഫ് ആസ് എ കോമ്രേഡ് കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയത്. പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത പരന്നതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപക വിമർശനവും ട്രോളുകളും ഉയർന്നിരുന്നു. അധികവായനയ്ക്കുളള സി.കെ ജാനു, സിസ്റ്റർ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേർത്തതാണെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരിൽ നിന്നും ലഭിച്ച മറുപടിയെന്ന് കെകെ ശൈലജ പറഞ്ഞു.
ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉൾപ്പെടുത്തുന്നതിന് താൽപര്യമില്ലെന്ന് സർവകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ എന്റെ പുസ്തകത്തിന്റെ പേര് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല. എന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല ഓർമകുറിപ്പുകൾ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും കെകെ ശൈലജ വിശദീകരിക്കുന്നു.
താൽപര്യമുള്ളവർ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങൾ കാണുന്നതുകൊണ്ടാവാം ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്. ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രിയെന്ന നിലയിൽ കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളും കെകെ ശൈലജയുടെ ബാല്യകാല അനുഭവങ്ങളും പാർട്ടി പ്രവർത്തനങ്ങളുമാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നത്. ഇത്തരത്തിൽ ഒരു പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് നിലവാര തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് ആയിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിമർശനം.
Discussion about this post