ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിലേക്ക്. ഏഴാം തിയതി അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചകോടിയ്ക്ക് മുൻപായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും.
ഈ മാസം 9, 10 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. വിവിധ ലോക നേതാക്കൾക്ക് ഉച്ചകോടിയിൽ ക്ഷണമുണ്ട്. എന്നാൽ ഇവരെല്ലാം എട്ട്, ഒൻപത് തിയതികളിലാകും ഉച്ചകോടിയ്ക്കായി ഇന്ത്യയിൽ എത്തുക. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് രണ്ട് ദിവസം മുൻപേ ബൈഡൻ ഇന്ത്യയിൽ എത്തുന്നത്. എട്ടാം തിയതിയാകും നരേന്ദ്ര മോദി- ബൈഡൻ കൂടിക്കാഴ്ച. ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നത്.
മോദി- ബൈഡൻ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ വൈറ്റ് ഹൗസ് ആണ് പുറത്തുവിട്ടത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്യാഴാഴ്ച ബൈഡൻ ഇന്ത്യയിൽ എത്തുമെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിപ്പിലുണ്ട്.
Discussion about this post