ആലപ്പുഴ: സനാതന ധർമ്മം ഡെങ്കിയും മലേറിയയും കോവിഡും പോലെയാണെന്നും ഉൻമൂലനം ചെയ്യണമെന്നുമുളള ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ബിജെപി ഇതര നേതാക്കൾ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് സന്ദീപ് വാചസ്പതി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉദയനിധിയുടെ പരാമർശം പങ്കുവെച്ച് നടത്തിയ പ്രതികരണത്തിലാണ് സന്ദീപ് വാചസ്പതി ഇക്കാര്യം ചോദിച്ചത്.
ഹിന്ദു മതത്തിന്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്‌കാരത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം കേട്ടിട്ടും അതിനെതിരെ പ്രതികരിക്കണം എന്ന് തോന്നുന്നില്ല എങ്കിൽ നിങ്ങളും അത് ആഗ്രഹിക്കുന്നു എന്ന് കരുതേണ്ടി വരും. അതല്ല ഹിന്ദുക്കളുടെ വക്കാലത്ത് ബിജെപി ഏറ്റെടുക്കേണ്ട എന്നാണ് വാദമെങ്കിൽ ഇപ്പോഴെങ്കിലും പ്രതികരിക്കണം. ഹിന്ദുക്കളുടെ സംരക്ഷണം ബിജെപിയെ എൽപ്പിച്ചിട്ടില്ല എന്ന് ആത്മാർത്ഥമായി വാദിക്കാൻ വേണ്ടിയെങ്കിലും… സന്ദീപ് വാചസ്പതി പറഞ്ഞു.
സനാതന നിരോധന കോൺഫറൻസിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടതല്ല ഉൻമൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ആയിരുന്നു ഉദയനിധിയുടെ വാക്കുകൾ. പ്രസ്താവനയെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് ഉൾപ്പെടെയുളളവർ സ്വീകരിച്ചത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.
സനാതന ധർമ്മത്തെ ഉൻമൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ വംശഹത്യയ്ക്കുളള ആഹ്വാനമാണെന്നുൾപ്പെടെ വിമർശനം ഉയർന്നുകഴിഞ്ഞു. വലിയ പ്രതിഷേധമാണ് പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു വിശ്വാസികളിൽ നിന്നും മതപുരോഹിതരിൽ നിന്നും ഉയരുന്നത്.
Discussion about this post