എറണാകുളം: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. പ്രതി ക്രിസ്റ്റിലിന്റ സുഹൃത്തുക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മോഷ്ടാവായ ക്രിസ്റ്റിൽ ഇവർ വഴിയാണ് മോഷണ മുതൽ വിറ്റ് കാശാക്കുന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരും വിവിധ ഭാഷാ തൊഴിലാളികൾ ആണ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലും ഇവർക്ക് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.
മോഷണം നടത്താൻ ലക്ഷ്യമിട്ടാണ് ക്രിസ്റ്റിൽ കുട്ടിയുടെ വീട്ടിലും എത്തിയത്. മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ജനാലവഴി കയ്യിട്ടാണ് ഇയാൾ വീടിന്റെ വാതിൽ തുറന്നത്. അകത്ത് കയറിയ ശേഷം മൊബൈൽ ഫോൺ എടുത്തിരുന്നു. ഇതിന് ശേഷമാണ് ഉറങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു.
സംഭവ സമയം കുട്ടിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത് ഉൾപ്പെടെ എട്ട് മൊബൈൽ ഫോണുകളായിരുന്നു ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. കുട്ടിയെ പാടത്ത് ഉപേക്ഷിച്ച ശേഷം ഇയാൾ ഫോണുകളുമായി ആലുവ മാർക്കറ്റ് ജംഗ്ഷനിൽ എത്തി. ഒന്ന് മാത്രം എടുത്ത ശേഷം സഞ്ചി മാർവെൽ ജംഗ്ഷന് സമീപം ഒളിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഒളിവിൽ പോകാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
Discussion about this post