തിരുവനന്തപുരം: തെറ്റായ ആരോപണങ്ങളുടെ പേരിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ മാപ്പു പറയണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ. ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണെന്നും വിശ്വാസ്യത ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ ഹീനമായി ഉമ്മൻചാണ്ടിയെ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
പിണറായി വിജയന് ഇരട്ടചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളതെന്നും ഉമ്മൻചാണ്ടിയോട് ആദ്യം മാപ്പ് പറയണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സോളാർ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോഴായിരുന്നു ഷാഫി പറമ്പിലിന്റെ രൂക്ഷ വിമർശനം.
സോളാർ വിഷയം ഒരു രാഷ്ട്രീയ ദുരന്തമാണ്. നട്ടാൽകുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടി. അഞ്ച് കത്തുകൾ ഉണ്ടാക്കി നിയമസഭയിൽപോലും അദ്ദേഹത്തെ വേട്ടയാടിയെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
തന്റെ ഭരണത്തിൽ അവതാരങ്ങൾ ഉണ്ടാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒന്നാം നമ്പർ അവതാരത്തെ അധികാരത്തിൽ എത്തി മൂന്നു ദിവസത്തിനുള്ളിൽ സ്വന്തം ഓഫീസിൽ വിളിച്ചുവരുത്തി തട്ടിപ്പുകാരിയിൽനിന്ന് പരാതി എഴുതി വാങ്ങി. ഇത്തരത്തിൽ കേസെടുക്കാൻ മുഖ്യമന്ത്രി കാണിച്ച വ്യഗ്രതയിൽ കത്തിൽ പേര് എഴുതിച്ചേത്തതിൽ അന്നത്തെ പാർട്ടിക്കുള്ള പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരണം.2016ൽ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിൽ ഇരുന്നത് തട്ടിപ്പുകാരിയായ പരാതിക്കാരിയുടെ സ്പോൺസർഷിപ്പിലാണോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
Discussion about this post