കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലേയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടപ്പാക്കാനുള്ള നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനാണ് വി.ശിവൻകുട്ടി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആണ്. ഈ സ്ഥലങ്ങളിലേക്കോ, ഇവിടെ താമസിക്കുന്നവർക്ക് പുറത്തേക്കോ പോകുന്നതിന് അനുമതിയില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് വീട്ടിലിരുന്ന് അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. നിലവിൽ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടവരുടെ പരീക്ഷകൾ പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമാണ് തുറക്കാൻ അനുവദിക്കുന്നത്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ മാത്രമായിരിക്കും കടകൾ തുറക്കുന്നത്. മെഡിക്കൽ ഷോപ്പുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധി നിശ്ചയിച്ചിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും കുറച്ച് ജീവനക്കാരെ വച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേസമയം സർക്കാർ, അർദ്ധസർക്കാർ, ബാങ്കുകൾ, സ്‌കുളുകൾ, അങ്കണവാടികൾ തുടങ്ങിയവ ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കരുതെന്നും കളക്ടർ അറിയിച്ചു.
Discussion about this post