കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയുടെ കുപ്പായമിട്ടതാരാണ്? കെ കരുണാകരൻ എന്ന് പറയാൻ വരട്ടെ. അദ്ദേഹത്തേക്കാൾ കൂടുതൽ ആ സ്ഥാനം അലങ്കരിച്ച ഒരാൾ ഉണ്ട് ഇവിടെ. സാക്ഷാൽ ജനാർദ്ദനൻ! പക്ഷെ സിനിമയിൽ ആണെന്ന് മാത്രം. അതെ മലയാളികളുടെ പ്രിയപ്പെട്ട നടൻ ശ്രീ. ജനാർദ്ദനൻ. 1992 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം എന്ന ചിത്രത്തിൽ തുടങ്ങിയ ആ യാത്ര ജൂഡ് ആന്റണി ജോസെഫിന്റെ 2018 എന്ന ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രി എന്ന വേഷം അദ്ദേഹം അണിയുന്നത് പതിനേഴാം തവണ.
തലസ്ഥാനം, ജനം, സ്ഥലത്തെ പ്രധാന പയ്യൻസ്, രൗദ്രം, FIR, നരിമാൻ, രാക്ഷസരാജാവ്, കലക്ട്രർ, കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ, കരീബിയൻസ്, ജാക്ക് ആൻഡ് ഡാനിയേൽ, ക്യാപ്റ്റൻ, മാസ്റ്റർപീസ്, റിങ് മാസ്റ്റർ, കടുവ, 2018 തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം മുഖ്യമന്ത്രി ആയത്.
ബൃഹത്തായ 51 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ മാറ്റങ്ങളെയും വിമശനങ്ങളെയും ഉൾക്കൊള്ളുന്ന ശ്രീ. ജനാർദ്ദനൻ, തന്നെ ഒരു താരം എന്നോ സ്റ്റാർ എന്നോ വിശേഷിപ്പിക്കുന്നതിനുപരി ഒരു അഭിനയ തൊഴിലാളി എന്ന് വിശേഷിപ്പിക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.
ഒരു അഭിനേതാവ് എന്ന നിലയിൽ തന്റെ ജീവിതത്തിലെ വളരെ പ്രിയപ്പെട്ട ചില നിമിഷങ്ങളെ ഇന്നലയെപ്പോലെ അദ്ദേഹം ഓർത്തെടുക്കുന്നു. അതിലൊന്ന്, താൻ ആദ്യമായി മുഖ്യമന്ത്രി ആയി അഭിനയിച്ച തലസ്ഥാനം എന്ന ചിത്രം റിലീസ് ആയതിനു ശേഷം മദ്രാസിലേക്കുള്ള യാത്രക്കിടെ എയർ പോർട്ടിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ശ്രീ. കെ കരുണാകരനെ കണ്ടുമുട്ടിയതാണ്. അദ്ദേഹം ജനാർദ്ദനെ കണ്ടതും ഓടിയെത്തി കെട്ടിപ്പിടിച്ചു. എന്നിട്ടു തോളിൽ തട്ടി പറഞ്ഞു തലസ്ഥാനം കണ്ടു; ഗംഭീരമായിരുന്നു. എന്നാൽ ഒരുകാലത്തെ തന്റെ വില്ലൻ കഥാപാത്രങ്ങൾ കാരണം സ്ത്രീകൾ തന്നോട് സംസാരിക്കുകയോ എന്തിനേറെ മുഖത്തു നോക്കാൻ പോലും തയാറാകാതെ ഇരുന്ന ഒരു കാലവും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.
ജനാർദ്ദനൻ എന്ന നടനെ സംബന്ധിച്ച രസകരമായ മറ്റൊരു കാര്യം നീണ്ട 35 വര്ഷങ്ങള്ക്കു ശേഷമാണ് തിയേറ്ററിൽ എത്തി ഇദ്ദേഹം ഒരു ചിത്രം കാണുന്നത് എന്നതാണ്. അതും താൻ മുഖ്യമന്ത്രി കുപ്പായം അണിഞ്ഞ 2018 എന്ന ചിതം, അതിന് എത്തിയതാവട്ടെ സംവിധായകൻ ജൂഡിന്റെ ക്ഷണത്തെ തുടർന്നുമാണ്. കാരണവും അദ്ദേഹം പറയുന്നു: സിനിമയിൽ സജീവം ആയിരുന്ന കാലത്തും തിയേറ്ററിൽ പോകുന്ന പതിവുണ്ടായിരുന്നില്ലത്രേ, മദ്രാസിൽ സിനിമക്കാർക്കും കുടുംബത്തിനും വേണ്ടി മാത്രം അവരുടെ ചിത്രങ്ങളുടെ പ്രിവ്യു ഉണ്ടാകും. എങ്കിലും തന്റെ ഭാര്യ വിജയ ലക്ഷ്മി ഉണ്ടായിരുന്ന കാലത്തു ഒരുപാട് ഹിന്ദി സിനിമകൾ അവർക്കൊപ്പം തിയേറ്ററിൽ പോയി കണ്ടിരുന്ന കാര്യവും അക്കാലത്തെ ഹിന്ദി സിനിമകളോടുള്ള തന്റെ പ്രത്യേക മമതയും അദ്ദേഹം മറച്ചു വയ്ക്കുന്നില്ല.
Discussion about this post