സ്ത്രീപുരുഷ ഭേദമന്യേ പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒരു ആഗോളപ്രശ്‌നം ആണ് ഇന്ന് കുടവയര്‍ അല്ലെങ്കില്‍ ബെല്ലിഫാറ്റ്. വ്യായാമങ്ങളും നടത്തവും ഭക്ഷണക്രമീകരണവുമടക്കം ബെല്ലിഫാറ്റ് കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എല്ലാവര്‍ക്കും എല്ലാം ഫലവത്താകണമെന്നില്ല. എങ്കിലും വ്യായാമവും ഭക്ഷണക്രമീകരണവും കൃത്യമായി പാലിക്കുന്നവര്‍ക്ക് ബെല്ലി ഫാറ്റ് തീര്‍ച്ചയായും കുറയ്ക്കാനാകും.
പക്ഷേ ഇതിനൊന്നും സമയവും മനസ്സും ഇല്ലാത്തവര്‍ കുറുക്കുവഴികളിലൂടെ വയറിനെ ഒതുക്കാന്‍ ശ്രമിക്കാറുണ്ട്. അവര്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന, ബെല്ലിഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളാണ് താഴെ. വീട്ടില്‍ തന്നെ ലഭ്യമായ ചേരുവകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പാനീയങ്ങള്‍ ആന്റി ഓക്‌സിഡന്റുകളാലും കൊഴുപ്പിനെ എരിച്ചുകളയുന്ന ചേരുവകളാലും സമ്പുഷ്ടമാണ്. വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ഉദ്യമത്തിന് ഈ പാനീയങ്ങള്‍ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാകും. പക്ഷേ ഇവ കുടിച്ചതുകൊണ്ട് മാത്രം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വണ്ണം കുറയ്ക്കാന്‍ കഴിയണമെന്നില്ല. അതിന് നിരന്തരമായ വ്യായാമവും സന്തുലിതമായ ഭക്ഷണക്രമവും കൂടിയേ തീരൂ.
നാരങ്ങാവെള്ളം
രാവിലെ എഴുന്നേറ്റതിന് ശേഷം ചെറുനാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല, ചെറുനാരങ്ങയിലെ പെക്റ്റിന്‍ ഫൈബര്‍ ഭക്ഷണത്തോടുള്ള ആഗ്രഹം കുറയ്ക്കാനും വയറ് നിറഞ്ഞതായുള്ള പ്രതീതി സൃഷ്ടിക്കാനും സഹായിക്കും. ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റ് ആയ വൈറ്റമിന്‍ സി, ശരീരത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അരമുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് പഞ്ചസാര ചേര്‍ക്കാതെ കഴിക്കുന്നതാണ് ഉത്തമം.
ഗ്രീന്‍ ടീ
വണ്ണം കുറയ്ക്കാന്‍ ഇക്കാലത്ത് മിക്കവരും പരീക്ഷിക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും മെറ്റബോളിസം മെച്ചപ്പെടുത്താനും ബെല്ലിഫാറ്റ് കുറയ്ക്കാനും സഹായിക്കും. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഗ്രീന്‍ടീ ചായപ്പൊടി ചേര്‍ത്ത് 3-5 മിനിറ്റ് മാറ്റിവെച്ചാല്‍ ഗ്രീന്‍ ടീ തയ്യാര്‍.
ഇഞ്ചി ചായ
വണ്ണം കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്ന മികച്ച സുഗന്ധ വ്യഞ്ജനമാണ് ഇഞ്ചി. ശരീരത്തെ അണുബാധയില്‍ നിന്നും സംരക്ഷിക്കാനും ദഹനത്തെ സഹായിക്കാനും വയറ് നിറഞ്ഞതായുള്ള സംതൃപ്തി നല്‍കാനും ഇഞ്ചിക്ക് കഴിവുണ്ട്. ഇഞ്ചി ചായ ഉണ്ടാക്കുന്നതിന്, ഒരു ചെറിയ കഷ്ണം ഇഞ്ചി നന്നായി കഴുകി(തൊലി കളയേണ്ടതില്ല), കനം കുറച്ച് അരിഞ്ഞുവെക്കുക. ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതില്‍ ഇഞ്ചി കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. നന്നായി തിളച്ചതിന് ശേഷം അരിച്ച് ഉപയോഗിക്കാം. മധുരത്തിനായി ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാം. ഇല്ലെങ്കില്‍ ചൂടോടെ കുടിക്കാം.
കറുവപ്പട്ട വെള്ളം
കറുവപ്പട്ടയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു സുഗന്ധ വ്യഞ്ജനമാണ്. തെര്‍മോജെനിസിസ് (ആന്റി ഡയബെറ്റിക്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ പ്രദാനം ചെയ്യാനുള്ള കഴിവ്) മൂലം ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ കറുവപ്പട്ടയുടെ പ്രത്യേക കഴിവുണ്ട്. കറുവപ്പട്ട വെള്ളം തയ്യാറാക്കാന്‍, വെള്ളം തിളപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റിയതിന് ശേഷം അതിലേയ്ക്ക് ഒരു കഷ്ണം കറുവപ്പട്ട ഇടുക. 3-5 അഞ്ചുമിനിറ്റ് കറുവപ്പട്ട ചൂടുവെള്ളത്തില്‍ തന്നെ ഇട്ടുവെക്കുക. പിന്നീട് അരിച്ച് ഉപയോഗിക്കുക. ആവശ്യമെങ്കില്‍ ചെറുനാരങ്ങാനീരോ തേനോ ചേര്‍ക്കാം. ചൂടോടെ കുടിക്കുന്നതാണ് നല്ലത്.
പെരുഞ്ചീരക വെള്ളം
പെരുഞ്ചീരകത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. വിശപ്പ് കുറയ്ക്കാനും വയറ് നിറഞ്ഞതായുള്ള തോന്നല്‍ ഉണ്ടാക്കാനും പെരുഞ്ചീരകത്തിന് കഴിവുണ്ട്. ഈ പാനീയം തയ്യാറാക്കുന്നതിന് വെള്ളം അടുപ്പില്‍ വെച്ച് അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം ഇട്ട് 5 മിനിട്ട് തിളപ്പിക്കുക. അതിനുശേഷം ഈ വെള്ളം അടുപ്പില്‍ നിന്ന് മാറ്റി അരിച്ച് ചൂടോടെ കുടിക്കുക. വെറ്റമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താന്‍ ഈ പാനീയം സഹായിക്കും. അത് ബെല്ലിഫാറ്റ് കുറയ്ക്കാന്‍ ഉപകാരപ്പെടും.
Discussion about this post