തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ, മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ലാസിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ഇ മെയിൽ മുഖേനയാണ് മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.അസൗകര്യം അറിയിച്ച സാഹചര്യത്തിൽ അടുത്ത ദിവസം പുതിയ തിയതി നിശ്ചയിച്ച് ഇഡി വീണ്ടും നോട്ടീസ് നൽകും. സാക്ഷികൾക്കുള്ള നോട്ടീസ് ആണ് നിലവിൽ മൊയ്തീന് ഇഡി നൽകിയിരിക്കുന്നത്.
ഇന്ന് ഹാജരായാൽ മൊയ്തീനെ ഇഡി വെറുതെ വിടില്ലെന്നും അത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സഹകരണ ബാങ്കുകളിൽ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി സതീശ് കുമാറിന് ബിനാമി ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയ അയ്യന്തോൾ സഹകരണ ബാങ്ക്, തൃശ്ശൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. 17 മണിക്കൂറോളം സമയമാണ് ഇവിടെ ഇഡിയുടെ പരിശോധന നീണ്ടത്.
Discussion about this post