എടാ കറുത്ത നിനക്കെങ്ങനെയാണ് വെളുത്ത ഭാര്യയെ കിട്ടിയത്? നീയൊക്കെ ഇങ്ങനെ കറുത്ത ഡ്രെസ്സിട്ടാൽ തപ്പിക്കണ്ടുപിടിക്കാൻ വലിയ പാടാണ്. ഒരു മനുഷ്യൻ തന്റെ ഭാര്യക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ അതിന്റെ താഴെ വന്ന കമന്റുകളാണ് ഈ കേട്ടത്. അത് മാത്രമല്ല, തന്റെ ശരീരത്തിന്റെ നിറം കാരണം പലയിടത്തും അപമാന ഏറ്റുവാങ്ങേണ്ടി വന്ന ഒരുവൻ തനിക്കു നേരെ വന്ന ഓരോ അപമാനത്തെയും സമചിത്തതയോടെ നേരിട്ട് വിജയത്തിന്റെ പടികളാക്കി മാറ്റി. എന്നിട്ടവൻ പറഞ്ഞു സുഹൃത്തുക്കളെ നിങ്ങള്ക്ക് നന്ദി, കാരണം നിങ്ങളാണ് മുന്നേറാൻ, വിജയിക്കാൻ എനിക്ക് പ്രചോദനം. എന്തെന്നാൽ, വെളുപ്പിന് നല്ലതെന്നോ കറുപ്പിന് മോശമെന്നോ അർത്ഥമില്ല. അത് വെറും നിറം മാത്രം. വംശ വെറിയന്മാർക്ക് പിന്നീടുള്ള അവന്റെ മറുപടി ചലച്ചിത്ര മേഖലയിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടായിരുന്നു.രാജ റാണി എൺപത്തി നാല് കോടി, തെറി നൂറ്റി അമ്പതു കോടി, മെർസൽ ഇരുനൂറ്റി അമ്പതു കോടി, ബിഗിൽ മുന്നൂറു കോടി ദാ ഇപ്പോൾ ബോളിവുഡ് ചിതം ജവാൻ ബോക്സ് ഓഫീസിൽ ആയിരം കോടിയിലേക്കു അടുക്കുന്നു. ചിത്രം ഓസ്കറിന് അയയ്ക്കാൻ ആഗ്രഹമുണ്ടെന്നും ആ പയ്യൻ, അതായത് ഈ സിനിമയുടെ സംവിധായകൻ അറ്റ്‍ലി പറയുന്നു.
ആഗോള ബോക്സ്ഓഫിസില്‍ ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് കടക്കുന്നതിനിടയിലാണ് ‘ജവാന്‍’ സിനിമ ഓസ്കറിന് അയയ്ക്കാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് ആരാധകരെ ആവേശത്തിലാക്കി അറ്റ്‌ലിയുടെ ഈ പ്രതികരണം.
ജവാന് ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇത് സംബന്ധിച്ച് ഷാറുഖുമായി സംസാരിക്കുമെന്നും അറ്റ്‍ലി പറഞ്ഞു. ‘ജവാൻ’ ഓസ്കാര്‍ പോലുള്ള ഗ്ലോബൽ വേദികളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അറ്റ്‌ലി.
‘‘തീര്‍ച്ചയായും ‘ജവാൻ’ അവിടെ എത്തണം. എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അത് നടന്നിരിക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ഒരോരുത്തരും ഓസ്കര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്കാരം ഇതെല്ലാം മുന്നിൽ കണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്കറിലേക്ക് ജവാന്‍ എത്തിക്കാന്‍ തീർച്ചയായും താല്‍പ്പര്യമുണ്ട്. ഈ അഭിമുഖം ഷാറുഖ് സർ കാണുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ ഷാറുഖ് സാറിനോടും ചോദിക്കും, സര്‍ നമുക്ക് ചിത്രം ഓസ്കറിന് കൊണ്ടു പോയാലോയെന്ന്? തെല്ലഭിമാനത്തോടെ സംവിധായകൻ പറയുന്നു.
2020ലാണ് അറ്റ്‌ലി ഷാരൂഖിനോട് ജവാന്റെ കഥ പറയുന്നത്. 2019 ൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം അഞ്ച് വർഷത്തോളം ഇദ്ദേഹം ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു. സൂം കോൾ വഴിയാണ് ഇദ്ദേഹം ഷാരൂഖിനോട് ആദ്യമായി കഥ പറയുന്നത്. ഇതുവരെ ഇങ്ങനെ ആരോടും ഞാൻ കഥ പറഞ്ഞിട്ടില്ലന്നും അറ്റ്‍ലി പറയുന്നു. കാരണം ലോക്ഡൗണിനു മുമ്പ് തന്നെ കാര്യങ്ങൾക്ക് തീരുമാനമാകണമായിരുന്നു.
നമുക്ക് ഇത് ചെയ്യാമോ എന്ന് ഷാരൂഖിനോട് ചോദിച്ചപ്പോൾ നേരിൽ കണ്ട് സംസാരിക്കാം എന്നായിരുന്നു മറുപടി. എന്നാൽ സൂം കോളിലൂടെ തന്നെ കഥ പറയാമെന്ന് അറ്റ്‍ലി നിർബന്ധിച്ചു. അങ്ങനെ മൂന്ന് മണിക്കൂർ കൊണ്ട് കഥ പറഞ്ഞു തീർത്തു. അവിടെ നിന്നാണ് ജവാന് ഗ്രീൻ ലൈറ്റ് തെളിയുന്നത്.’’–അറ്റ്‍ലി കൂട്ടിച്ചേർത്തു.
Discussion about this post