തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ ജീവനക്കാരുടേയും ഇടനിലക്കാരുടേയും ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എസി മൊയ്തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എസി മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
കഴിഞ്ഞ ദിവസം തൃശ്ശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബിനാമി ഭൂമി ഇടപാടിന്റെ രേഖകൾ അടക്കം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. സതീഷ്‌കുമാറിന്റെ 25 ബിനാമി സ്വത്തുവകകളുടെ രേഖകളാണ് ഇഡി പിടിച്ചെടുത്തത്. പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന സുനിൽകുമാറിന്റെ വീട്ടിൽ നിന്നു 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും പിടിച്ചെടുത്തു. മറ്റൊരു പങ്കാളിയായ അനിൽകുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളുടെ രേഖകളും രണ്ടാം പ്രതി പി.പി.കിരണിന്റെ ബിസിനസ് പങ്കാളിയായ കൊച്ചി സ്വദേശി എസ്.ദീപക്കിന്റെ വീട്ടിൽ നിന്ന് 5 കോടി രൂപ മൂല്യമുള്ള 19 സ്വത്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികൾ ഗൂഢാലോചന നടത്തി 150 കോടി രൂപ ബാങ്കിൽ നിന്നു തട്ടിയെടുത്തതിന്റെ കണക്കുകളാണ് ഇതുവരെ പുറത്തുവന്നിരുന്നത്. എന്നാൽ ഇഡിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് 300 കോടി കവിഞ്ഞേക്കുമെന്നാണ് വിവരം.
Discussion about this post