തിരുവനന്തപുരം: ആർഎസ്എസിനെ കുറിച്ചുള്ള മുതിർന്ന സിപിഐ നേതാവ് സി ദിവാകരന്റെ പരാമർശം വൈറലാവുന്നു. ഞങ്ങൾ പറഞ്ഞ് പരത്തിയ ആർഎസ്എസ് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആർഎസ്എസ് എങ്കിൽ ഞങ്ങൾക്ക് ഇഷ്ടമാണ് എന്ന മുൻമന്ത്രി കൂടിയായിരുന്ന സി ദിവാകരന്റെ വാക്കുകളാണ് സിപിഐ നേതൃത്വത്തെ അടക്കം വെട്ടിലാക്കിയിരിക്കുന്നത്. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പി.പി. മുകുന്ദൻ അനുസ്മരണത്തിലാണ് ദിവാകരൻ ആർഎസ്എസിനെ പുകഴ്ത്തി സംസാരിച്ചത്.
പി.പി.മുകുന്ദനെ ആദ്യം കണ്ട ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു സി. ദിവാകരൻ. ‘മണക്കാട് മുൻ സിപിഐക്കാരെന്റ സ്ഥലത്ത് ആർഎസ്എസ് ശാഖ നടക്കുന്നതറിഞ്ഞ് പ്രവർത്തകനെ വിളിച്ചുപറഞ്ഞ് ശാഖ നിർത്തിച്ചു.പിറ്റേന്നു രാവിലെ വെളുത്ത് തുടുത്ത് സുന്ദരനായ പി.പി. മുകുന്ദൻ എന്റെ വീട്ടിലെത്തി. വളരെ സൗമ്യമായി പറഞ്ഞു. ശാഖ നടത്താൻ തടസ്സം നിൽക്കരുത് . ആ സൗമ്യത എന്റെ കുടുംബത്തെപ്പോലും ആകർഷിച്ചു.
മുകുന്ദൻ വന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടി. നിസ്സാരമായ പ്രാദേശിക പ്രശ്നത്തിൽ ഇടപെട്ട് ആർഎസ്എസിന്റെ വലിയൊരു നേതാവ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം പോയപ്പോൾ ഭാര്യ ചോദിച്ചത് നിങ്ങൾ എന്തിനാണ് ആർഎസ്എസ് ശാഖ നിർത്താൻ ശ്രമിക്കുന്നത്. വേറെ പണിയില്ലേ എന്നായിരുന്നു. ആർഎസ്എസിനെ കുറിച്ച് ഞങ്ങൾ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ആർഎസ്എസിനെ ഇഷ്ടമാണ്. എന്നായിരുന്നു സി ദിവാകരന്റെ വാക്കുകൾ.
ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഈ ആർഎസ്എസുകാരെ കുറിച്ചെല്ലാം ഞങ്ങൾ പ്രചരിപ്പിക്കുന്നത് വേറെ കഥകളാണ്. മുകുന്ദേട്ടെനെ കണ്ടപ്പോഴാണ് എനിക്ക് മനസിലായത്. വന്നിട്ട് പോയപ്പോൾ പിള്ളേര് എന്നോട് ചോദിച്ചു. അണ്ണൻ ആർഎസ്എസിൽ എങ്ങാനും ചേരാൻ പോവുകയാണോ എന്ന് ചോദിച്ചു. എന്ന് സി ദിവാകരൻ പറയുന്നു.
സി ദിവാകരൻ്റെ പരാമർശം വെെറലായതോടെ ഞെട്ടലിലാണ് സിപിഐ നേതൃത്വം. മുതിർന്ന നേതാവിൻ്റെ ആർഎസ്എസിനെ കുറിച്ചുള്ള പുകഴ്ത്തൽ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.
Discussion about this post