തൃശൂർ: സംസ്ഥാനത്തെ സിപിഎം നേതാക്കൾ നടത്തുന്ന സഹകരണബാങ്ക് കൊള്ളയ്ക്ക് എതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സംഘടിപ്പിയ്ക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ബാങ്കിലേയ്ക്കാണ് പദയാത്ര.
സുരേഷ് ഗോപിയെ കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ നെഗറ്റീവ് വാർത്തകളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ഇരുവരും സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പിനെതിരെ ഒരേ വേദിയിൽ രംഗത്തെത്തുന്നത്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് ആണ് പദയാത്ര നടത്തുക. സമാപനം സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലും അയ്യന്തോൾ തൃശൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ഒൻപതിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി സഹകാരി സംരക്ഷ പദയാത്ര പ്രഖ്യാപിച്ചത്.
നേരത്തെ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപതട്ടിപ്പിന് ഇരയായ പ്രവാസിയും തൃശൂർ സ്വദേശിയുമായ ടിഒ ജോസഫിനെയും കുടുംബത്തെയും സഹായിക്കാൻ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കരുവന്നൂരിൽ നിക്ഷേപിച്ച 13 ലക്ഷം രൂപയാണ് ജോസഫിന് നഷ്ടമായത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സ പോലും മുടങ്ങുന്ന ഘട്ടത്തിലാണ് സുരേഷ് ഗോപി സഹായിക്കാൻ എത്തിയത്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബെനാമി ഇടപാടുകൾ നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. സഹകരണ വകുപ്പ് മുൻമന്ത്രി എസി മൊയ്തീൻ ഉൾപ്പെടെയുളളവർക്കെതിരെയാണ് ആരോപണം. പണം നഷ്ടമായതിനെ തുടർന്ന് ജീവനൊടുക്കിയവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും യാത്രയിൽ അണിനിരക്കും.
Discussion about this post