കോട്ടയം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം അൽപ്പം ഞെട്ടലോടെയാണെങ്കിലും എകെ ആന്റണി ഇപ്പോൾ ഉൾക്കൊണ്ടുവെന്ന് ഭാര്യ എലിസബത്ത് ആന്റണി. എ കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനം യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു.രാഷ്ട്രീയക്കാരനാവുകയെന്നത് അനിൽ ആന്റണിയുടെ ലക്ഷ്യമായിരുന്നു. ആ മോഹം സാക്ഷാത്കരിക്കുന്നതിന് അച്ഛൻ സഹായിച്ചില്ല. അനിൽ ബിജെപിയിൽ ചേർന്നതോടെ അവരോടുള്ള എല്ലാ വിരോധവും മാറിയെന്നും എലിസബത്ത് സുവിശേഷ യോഗത്തിൽ പറഞ്ഞു. മക്കളെ രാഷ്ട്രീയത്തിൽ വളർത്താൻ എകെ ആന്റണി പരിശ്രമിച്ചിട്ടില്ലെന്നും എകെ ആന്റണി അറിയും മുമ്പ് അനിൽ ആന്റണി ബിജെപിയിൽ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എലിസബത്ത് പറഞ്ഞു.
‘എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തീയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി.
രാഷ്ട്രീയത്തിൽ ചേരണം എന്നുളളത് മൂത്ത മകന്റെ വലിയ സ്വപ്നമായിരുന്നു. പഠിത്തം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടിയതായിരുന്നു. പക്ഷേ രാഷ്ട്രീയത്തിലായിരുന്നു താൽപര്യം. തടസ്സം മാറാനാണ് രണ്ടാമത്തെ നിയോഗം വെച്ചത്. മക്കൾ രാഷ്ട്രീയത്തിന് എതിരെ അവർ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസ്സാക്കി. അതിനർത്ഥം എത്ര ആഗ്രഹിച്ചാലും എന്റെ രണ്ട് മക്കൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകില്ല.
ഭർത്താവ് മക്കൾക്ക് വേണ്ടി ഒരു കാര്യവും ചെയ്ത് കൊടുക്കില്ല. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങൾ പോയത്. ബിബിസി വിവാദം വരികയും സോഷ്യൽ മീഡിയയിൽ പ്രശ്നമാവുകയും ചെയ്തു. ഞാൻ മാതാവിനോട് കരഞ്ഞ് പറഞ്ഞു. അപ്പോഴാണ് അവൻ വിളിച്ച് പറഞ്ഞത്, പിഎംഒയിൽ നിന്ന് വിളിച്ചിട്ടുണ്ട്, അവർ ബിജെപിയിൽ ചേരാൻ പറയുന്നു, ഒരുപാട് അവസരങ്ങൾ ഉണ്ടാകും എന്ന്. എന്നാൽ കോൺഗ്രസുകാരായതുകൊണ്ട് എനിക്ക് സമ്മതിക്കാൻ മനസുവന്നില്ല. ഒടുവിൽ മാതാവിന്റെ അടുത്തവന്ന് പ്രാർത്ഥിക്കുകയും ജോസഫ് അച്ഛൻ മുഖാന്തരം പ്രശ്‌നപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ബിജെപിയോടുള്ള ദേഷ്യവും വിദ്വേഷവുമെല്ലാം മാറ്റി പുതിയൊരു ഹൃദയം മാതാവ് എനിക്ക് തന്നു. കൂടാതെ ‘മകനെ തടയേണ്ടന്നും അവന്റെ ഭാവി ബിജെപിയിലാണെന്നും’ മാതാവ് പറഞ്ഞതായി ജോസഫ് അച്ഛൻ പറയുകയും ചെയ്തുവെന്ന് എലിസബത്ത് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നുണ്ട്.
Discussion about this post