കെന്നടി ജോൺ വിക്ടർ എന്ന അഭിനയമോഹിയായ യുവാവ് കാലങ്ങളുടെ പ്രയത്നത്തിനും കാത്തിരിപ്പിനും ഒടുവിൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ പേര് വിക്രം എന്നായി. എന്നാൽ ഇയാൾ എങ്ങനെയാണ് ‘ചിയാൻ വിക്രമായത് ’ ??
പലയിടത്തും ആധികാരികമായി ‘ചിയാൻ’ വിക്രം എന്ന് പറയുമ്പോഴും എന്താണ് ഈ പേരിലെ ‘ചിയാൻ’ എന്ന് പലർക്കും അറിയില്ല. ശരിയല്ലേ?
1997 ൽ ബാല എന്ന ഒരു നവാഗത സംവിധായകൻ തന്റെ ‘സേതു’ എന്ന ചിത്രത്തിൽ വിക്രമിന് വേഷം നൽകി. സേതു എന്ന് പേരുള്ള ഗുണ്ടയായ ടൈറ്റിൽ കഥാപാത്രം. ‘ചിയാൻ’ എന്നും വിളിപ്പേരുള്ള ഈ കഥാപാത്രത്തിന് വേണ്ടി വിക്രം ഒരുപാട് കഷ്ടപ്പെട്ടു. തലയും മൊട്ടയടിച്ച് ഇരുപത്തിയൊന്ന് കിലോയും കുറച്ച് അദ്ദേഹം പൂർണ്ണമായും ആ കഥാപാത്രത്തെ ഉൾക്കൊണ്ടു. 1997 ഏപ്രിലിൽ ഷൂട്ടിങ്ങ് തുടങ്ങിയെങ്കിലും ചില അപ്രതീക്ഷിത കാരണങ്ങളാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല.
എന്നാൽ വിക്രം എന്ന ആ യുവാവ് തന്റെ ചിത്രത്തിൽ ഒരുപാട് പ്രതീക്ഷ അർപ്പിച്ചു കാത്തിരുന്നു. മാത്രമല്ല ആ സിനിമ ഇറങ്ങുന്നത് വരെ അവൻ ചിയാന്റെ ഈ ലുക്കിൽ തന്നെ നിന്നു. ഈ കാലയളവിൽ, തന്നെ തേടി വന്ന മറ്റു ചിത്രങ്ങൾ ഒന്നും വിക്രമിന് സ്വീകരിക്കാൻ കഴിയാതെ പോയതും അതുകൊണ്ടുതന്നെ . തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം സമയമായിരുന്നു ആ ദിനങ്ങൾ എന്ന് വിക്രം പലപ്പോളും പറഞ്ഞിട്ടുണ്ട്.
ഒടുവിൽ ഒരുപാട് കാലത്തെ കാത്തിരുപ്പിന് വിരാമമിട്ട് 1999 ൽ സേതു റിലീസായി. ഒരു നൂൺ ഷോയായി മാത്രം തീയേറ്ററുകളിൽ കളിതുടങ്ങിയ ചിത്രം പിന്നീട് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഒപ്പം, ‘ചിയാൻ’ എന്ന കഥാപാത്രവും ചരിത്രത്തിന്റെ പടവുകൾ കയറി. അങ്ങനെ വിക്രം ചിയാൻ വിക്രമായി അവരോധിക്കപ്പെട്ടു.
അവിടെ തീർന്നില്ല, സേതു എന്ന ഈ ചിത്രത്തിലൂടെ സംസ്ഥാന, ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിക്രമിനെ കാത്തിരിപ്പുണ്ടായിരുന്നു.
കാത്തിരിപ്പിന്റെ ഫലം ഒരുപാട് മധുരകരമായിരിക്കും എന്ന് തെളിയിക്കുന്നു ചിയാൻ വിക്രമിന്റെ ഈ വിജയഗാഥ.
Discussion about this post