കൊച്ചി: സുരേഷ് ഗോപിക്ക് തൃശൂരിൽ രാഷ്ട്രീയത്തിന് അപ്പുറത്തെ സ്വീകാര്യതയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിശദീകരിച്ച് ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ വീഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ സുരേന്ദ്രനുമായുളള വീഡിയോ അഭിമുഖം കാണാൻ ക്ലിക്ക് ചെയ്യുക
സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യാം കേരളത്തിൽ പ്രവർത്തിക്കുകയും ചെയ്യാം. ഇത്തരം സ്ഥാപനങ്ങളുടെ പദവികൾ വഹിക്കുന്ന ധാരാളം രാഷ്ട്രീയക്കാർ ഉണ്ട്. അവരാരും ദൈനംദിന രാഷ്ട്രീയം ഉപേക്ഷിക്കേണ്ടവരല്ല. ബിജെപിക്കുളളിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടല്ല, സുരേഷ് ഗോപിക്ക് എന്തെങ്കിലും പരാതി ഉണ്ടായിട്ടുമല്ല അത്തരത്തിൽ വാർത്തകൾ പരന്നത്. പക്ഷെ എങ്ങനെയെങ്കിലും ബിജെപിക്ക് അകത്ത് പ്രശ്‌നമുണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ പ്രചരിപ്പിച്ച വാർത്തയാണത്.
സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം സാധാരണ മലയാളികൾക്ക് ലഭിക്കാത്ത പദവിയാണ്. സുരേഷ് ഗോപിയുടെ കഴിവും ടാലന്റും എല്ലാം വെച്ചിട്ടാകും കേന്ദ്രസർക്കാർ അങ്ങനൊരു തീരുമാനം എടുത്തത്. ഇവിടെ പൊടുന്നനെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ ഒരു പ്രചാരണം നടത്തുകയായിരുന്നു. സുരേഷ് ഗോപിക്ക് ഇനി തൃശൂരിൽ മത്സരിക്കാനാകില്ലെന്നും തൃശൂരിൽ മത്സരിക്കാനിരിക്കുന്ന സുരേഷ് ഗോപിയെ തട്ടാൻ കെ സുരേന്ദ്രനും വി മുരളീധരനും ചേർന്ന് നടത്തുന്ന ഒരു പദ്ധതിയാണ് നടപ്പായതെന്നും ആയിരുന്നു പ്രചാരണം.
അദ്ദേഹത്തെ ഇവിടെ നിന്ന് മാറ്റുകയാണ് സുരേഷ് ഗോപിക്ക് പിന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നൊക്കെ പറഞ്ഞാൽ ഞങ്ങൾക്കൊക്കെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. വാർത്ത കണ്ട് താൻ തന്നെ അന്തം വിട്ടുപോയി. പക്ഷെ ആ പ്രചാരണത്തിൽ കാര്യം ഒന്നും ഉണ്ടായിരുന്നില്ല. സുരേഷ് ഗോപി ഇക്കുറി ജയിച്ചുവരുമെന്ന ഒരു ഉറപ്പ് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് മുൻപിലുണ്ട്.
കഴിഞ്ഞ തവണ ഇത്രയും വോട്ടുകൾ സുരേഷ് ഗോപി പിടിക്കുകയായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന വോട്ടർമാരുണ്ട്. അവരിപ്പോ അദ്ദേഹത്തെ ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അത് ഞങ്ങൾ കാണുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ഒരു സ്വീകാര്യത അദ്ദേഹത്തിനുണ്ട്. ചാരിറ്റി പ്രവർത്തനം കൊണ്ട് മാത്രമല്ല, സാമൂഹ്യ പ്രവർത്തനത്തിൽ ഉൾപ്പെടെ നല്ല ഇടപെടൽ അദ്ദേഹം നടത്തുന്നതുകാണ്ട് നല്ല ഒരു അംഗീകാരം ഉണ്ട്. അത് എങ്ങനെയെങ്കിലും ഇല്ലാതാക്കണം അദ്ദേഹത്തെ അവിടെ ജയിക്കാൻ സമ്മതിക്കരുത് അതാണ് ഇത്തരം പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം. അതൊരു ദുഷ്ടലാക്കാണെന്നും എവിടെ നിന്നാണ് വന്നതെന്ന് അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എങ്ങനെയും കോൺഗ്രസിനെ കൊണ്ടുവരാനാണ് നീക്കം. ചില ഓൺലൈൻ ചാനലുകളും ചില പത്രക്കാരും നേതാക്കളുമൊക്കെ ചേർന്ന് കുറെക്കാലമായി ഈ പണി തുടങ്ങിയിട്ട്. അത് നേരത്തെ തിരിച്ചറിഞ്ഞതാണ്. കേരളത്തിൽ സിപിഎമ്മിനെ മാറ്റിയിട്ട് കോൺഗ്രസ് വരണം ബിജെപി വരരുത് എന്നാണ് അവരുടെ ചിന്ത. വളരെ ആസൂത്രിതമായി ഒരു വിഭാഗം ആളുകൾ അതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രചാരണം കോൺഗ്രസിന്റെ അണിയറയിൽ നിന്നാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി മന്ത്രിസഭാ പുനസംഘടനയിൽ കേന്ദ്രമന്ത്രിയാകുമെന്ന് മാദ്ധ്യമങ്ങൾ സ്വയം വലിയ പ്രചാരണം നടത്തുകയാണ്. എന്താണ് വാർത്തയുടെ അടിസ്ഥാനം എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. മോദി സർക്കാർ വന്നതിന് ശേഷം ക്യാബിനറ്റുമായി ബന്ധപ്പെട്ട ഒരു തീരുമാനം പോലും മുൻകൂട്ടി പുറത്തുവിടാറില്ല. പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചപ്പോൾ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ആണെന്നാണ് കരുതിയത്. അതിന്റെ പേരിൽ എല്ലാ ചാനലുകളും ചർച്ച ചെയ്തു. തലേന്ന് മാത്രമാണ് എല്ലാവരും വനിതാ ബില്ലിന്റെ കാര്യം അറിഞ്ഞത്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നോട് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ ആയാൽ നല്ലത് എന്നാണ് പറഞ്ഞത്. അങ്ങനൊരു ആലോചനയില്ലെന്ന് പറഞ്ഞാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതിൽ കെ സുരേന്ദ്രന് എതിർപ്പാണെന്ന് പ്രചരിപ്പിക്കും. ഇത് എന്തിനാണ് പ്രചരിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സുരേഷ് ഗോപി രാജ്യസഭാംഗമായത് മാദ്ധ്യമങ്ങൾ അറിഞ്ഞിട്ടല്ല. ആയതിന് ശേഷമാണ് മാദ്ധ്യമങ്ങൾ അറിഞ്ഞത്. ഇതിനകത്ത് എന്ത് വരണം എന്ത് തീരുമാനിക്കണമെന്ന് അറിയാവുന്ന യോഗ്യരായവരാണ് മുകളിൽ ഇരിക്കുന്നത്.
മന്ത്രിസഭാ പുനസംഘടന കഴിഞ്ഞ് അദ്ദേഹത്തിന്റെ പേരില്ലെങ്കിൽ സുരേന്ദ്രൻ വെട്ടിയെന്ന് പറയും ഇതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുളള കുറെ കാര്യങ്ങൾ ഉണ്ട്. ഇതെല്ലാം കോൺഗ്രസിന് വേണ്ടിയാണ് നടത്തുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post