മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എംപുരാന്റെ ലോഞ്ച് വിഡിയോ പ്രൊമോ ടീസർ പുറത്തിറങ്ങി. ഈ സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫറിലെ ചില രംഗങ്ങൾ ചേർത്ത് വച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അവൻ വരുന്നു എന്ന ഗോവർദ്ധന്റെ ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്. ലൂസിഫറിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രമാണ് ഗോവർദ്ധൻ.
സിനിമയുടെ ചിത്രീകരണം ഒക്ടോബർ അഞ്ചിന് ആരംഭിക്കും എന്നാണ് ലഭ്യമായ വിവരം. സിനിമാ ആസ്വാദകർ വളരെ അധികം കാലമായി കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത് എന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രം ലൂസിഫറിന്റെ പ്രീക്വല്‍ ആകുമോ സീക്വല്‍ ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ എന്ന് പറയുമ്പോഴും കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല.
ലൂസിഫറിന്റെ രചന നിർവഹിച്ച മുരളി ഗോപിതന്നെയാണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ പുറത്തു വിടാതെയാണ് ചിത്രീകരണം തുടങ്ങാൻ പോകുന്നത്. കച്ചവട സാദ്ധ്യതകൾ പരിഗണിച്ച് മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.
Discussion about this post