കഴിഞ്ഞ ദിവസങ്ങളിൽ മലയാളിയായ മോഡൽ ശ്രീലക്ഷ്മി സതീഷിനെക്കുറിച്ചുള്ള സംവിധായകൻ രാം ഗോപാല്‍ വർമയുടെ പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തന്റെ പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നു അന്വേഷിച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇപ്പോഴിതാ മലയാളിയായ മറ്റൊരു നായികയുടെ പിറന്നാൾ സ്വന്തം സിനിമയുടെ സെറ്റിൽ ആഘോഷിക്കുന്ന രാം ഗോപാൽ വർമയുടെ വിഡിയോയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
നടി മാനസയുടെ പിറന്നാൾ ആണ് ‘വ്യൂഹം’ സിനിമയുടെ സെറ്റിൽ വച്ച് ആഘോഷിക്കുന്നത്. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന വ്യൂഹത്തിൽ അജ്മൽ അമീറും മാനസ രാധാകൃഷ്ണനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കേക്ക് മുറിക്കുന്നതിനിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായ ഒരു ഇടപെടലും വർമയുടെ ഭാഗത്തു നിന്നുമുണ്ടായി. മാനസയുടെ കയ്യിൽ നിന്നും കേക്ക് മുറിക്കുന്ന കത്തി വാങ്ങി പെട്ടെന്ന് കേക്ക് കുത്തിക്കുത്തി മുറിക്കുന്ന സംവിധായകനെ വിഡിയോയിൽ കാണാം. പെട്ടെന്നുള്ള ഞെട്ടലിൽ അമ്പരപ്പ് മാറാതെയാണ് മാനസ പിന്നീട് കേക്ക് മുറിക്കൽ തുടർന്നത്. നായകൻ അജ്മൽ അമീറും സെറ്റിലെ പിറന്നാൾ ആഘോഷവേളയിൽ ഉണ്ടായിരുന്നു.
തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആർ രാഷ്ട്രീയം മറ്റൊരു വീക്ഷണത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയപ്പോൾത്തന്നെ ചില രാഷ്ട്രീയ വിമർശനങ്ങൾ കൂടി അടങ്ങിയ ചിത്രമാകും ഇതെന്നാണ് ലഭ്യമായ സൂചന.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡിയുടെ ഭാര്യ വൈ.എസ്. ഭാരതിയുടെ വേഷമാണ് ‘വ്യൂഹം’ സിനിമയിൽ മാനസ രാധാകൃഷ്ണൻ അവതരിപ്പിക്കുന്നത്. ജഗൻ മോഹനായി അജ്മലും വേഷമിടുന്നു. സിനിമ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്.
ഊർമിള മാതോന്ദ്കർ, നിഷ കോത്താരി, ജിയാ ഖാൻ തുടങ്ങിയ നടിമാരെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് രാം ഗോപാൽ വർമ. എന്നാൽ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയും സിനിമകളുടെ ഉള്ളടക്കത്തെക്കുറിച്ചും മിക്കപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാകും ‘വ്യൂഹം’ എന്നാണ് ലഭ്യമായ വിവരം.
2008ലെ ‘കണ്ണുനീരിലും മധുരം’ എന്ന സിനിമയിലൂടെ ബാലതാരമായാണ് മാനസ രാധാകൃഷ്ണൻ വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം മൂന്നു സിനിമകളിൽ ബാലതാരമായിത്തന്നെ അഭിനയിച്ചു. മലയാളത്തിൽ സുരേഷ് ഗോപി ചിത്രം പാപ്പനിൽ ആശ ശരത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും മാനസാ രാധാകൃഷ്ണനാണ്.
Discussion about this post