തന്റെ പുതുപുത്തൻ ഗെറ്റപ്പുകളിലൂടെ ആരാധകരെ ഞെട്ടിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘കണ്ണൂർ സ്ക്വാഡി’ന്റെ ദുബായി പ്രമോഷനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. അതിനിടയിൽ വിമാനത്താവളത്തിൽ നിന്നും ഇറങ്ങിവരുന്ന താരം പുത്തൻ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു. പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.
എന്നാൽ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ നിഗമനം. ചിത്രത്തിൽ ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി എത്തുന്നത്. മിഥുൻ മാനുവലിന്റേതാണ് തിരക്കഥ. അടിപിടി ജോസ് എന്നാണ് ചിത്രത്തിന്‍റെ പേരെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നെങ്കിലും ആ പേരില്‍ ഒരു സിനിമയേ ഇറങ്ങുന്നില്ലന്നും ടൈറ്റില്‍ അതല്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗമാണോ ചിത്രമെന്ന ചോദ്യത്തിന് അല്ലെന്നും ഇതു വേറെ കഥയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Discussion about this post