കൊച്ചി; കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച കരുവന്നൂർ തേലപ്പിളളി സ്വദേശി ശശിയുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത സുരേഷ് ഗോപിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭിന്നശേഷിക്കാരനായ ശശിയുടെ 14 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. പല തവണ കയറിയിറങ്ങിയിട്ടും പണം തിരികെ ലഭിച്ചില്ല.
കുടുംബത്തിന്റെ ദയനീയസ്ഥിതി അറിഞ്ഞ് സുരേഷ് ഗോപി ഇന്നലെ ഇവരുടെ വീട് സന്ദർശിച്ചിരുന്നു. കടം വീട്ടാൻ മൂന്ന് ലക്ഷം രൂപ നൽകുമെന്നും അമ്മയ്ക്ക് മരുന്ന് വാങ്ങി നൽകുമെന്നും ഉറപ്പു നൽകിയാണ് അദ്ദേഹം മടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിയുടെ നല്ല മനസിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നന്ദി അറിയിച്ചത്.
ഈ മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്. തന്റെ അദ്ധ്വാനത്തിൽ നിന്നു ലഭിക്കുന്ന വരുമാനമെടുത്ത് പാവങ്ങളെ സഹായിക്കുന്ന ഒരേ ഒരു ജീവകാരുണ്യപ്രവർത്തകൻ. എന്നോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്നതല്ല. എം.പി ആവുന്നതിന് മുൻപും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപും ഇങ്ങനെ ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നുറപ്പുണ്ട്. നന്ദി ശ്രീ. സുരേഷ് ഗോപി എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം കരുവന്നൂരിൽ സിപിഎം നേതാക്കൾ നടത്തിയ തട്ടിപ്പിനെതിരെ കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി സഹകാരി സംരക്ഷണ പദയാത്ര നടത്തിയിരുന്നു. 18 കിലോമീറ്ററോളം ദൂരം നടന്ന സുരേഷ് ഗോപിയുടെ പ്രതിഷേധ യാത്ര തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളളതാണെന്ന പരിഹാസമാണ് സിപിഎം നേതാക്കൾ നടത്തിയത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ പിന്തുണയാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ശശിയുടെ കുടുംബത്തെ സന്ദർശിച്ചത്.
Discussion about this post