തിരുവനന്തപുരത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനെ ആവേശത്തോടെ വരവേറ്റ് മലയാളി ആരാധകർ.
രജനി ഷൂട്ടിങ്ങിനായി കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി വഴിയരികില്‍ തടിച്ചുകൂടുന്നത്. യാത്ര ചെയ്യുന്ന കാറിന്‍റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ ബിജു സി.ജി. എടുത്ത ചിത്രങ്ങളിൽ ‘തലൈവർ 170 ‘ക്കായി ചെറുപ്പമായി മാറിയ രജനിയെ കാണാം. ജയിലറിലെ ലുക്കിൽ നിന്നു വ്യത്യസ്തമായി കുറച്ചുകൂടെ ചെറുപ്പമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്.
ഈ സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം തലൈവർ തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം. ‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.
Discussion about this post