ജെറുസലേം : ഇസ്രയേലിലെ മതാഘോഷങ്ങളുടെ സമാപന ദിവസത്തിൽ ഭീകരാക്രമണം നടത്തി ഹമാസ്. ഇസ്രയേലി പൗരന്മാർ ആഘോഷം നടത്തുന്നതിനിടെയാണ് ഹമാസ് ഭീകരർ ആക്രമണം നടത്തിയത്. നിരവധി പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സൈനികരെ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ഇസ്രയേലി പൗരന്മാരെ വധിച്ചതിന്റെയും ബന്ദികളാക്കിയതിന്റെയും ക്രൂര ദൃശ്യങ്ങൾ ഹമാസ് ഭീകരർ പുറത്തു വിടുന്നുണ്ട്. അയ്യായിരത്തോളം റോക്കറ്റുകൾ കൊണ്ട് ആക്രമണം നടത്തിയതിനൊപ്പം ദക്ഷിണ ഇസ്രയേലിലേക്ക് കടന്നുകയറിയാണ് ഹമാസ് ഭീകരർ വ്യാപക ആക്രമണം നടത്തിയത്.
അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. ജനങ്ങളേ നമ്മൾ യുദ്ധം ചെയ്യുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഗാസയിലെ ഹമാസ് ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ശക്തമായ ആക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ദക്ഷിണ ഇസ്രയേൽ ആക്രമിച്ച ഹമാസ് ഭീകരർ സാധാരണക്കാരെ കൂട്ടക്കുരുതി നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വാഹങ്ങളിലെത്തിയ തോക്കു ധാരികൾ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പല സ്ഥലങ്ങളിലും ഹമാസ് ഭീകരർ നുഴഞ്ഞു കയറിയതായാണ് റിപ്പോർട്ടുകളും വീഡിയോകളും വ്യക്തമാക്കുന്നത്.
Discussion about this post