റോഡിൽ തട്ടിമറിച്ച പാൽപാത്രത്തിൽനിന്ന് പതഞ്ഞൊഴുകുന്ന പാലിലേക്ക് അലിഞ്ഞൊഴുകുന്ന ചോരയുടെ കാഴ്ചയാണ് തുടക്കത്തിൽ ചാവേർ നമുക്ക് തരുന്നത്.
ചാവേറാക്കപ്പെട്ടവന്റെ, ചതിയുടെ പത്മവ്യൂഹത്തിൽപ്പെട്ടവന്റെ വിയർപ്പും ചോരയും കണ്ണീരും ഇടകലർന്നൊഴുകുമ്പോൾ അവിടെ ഹോമിക്കപ്പെടുന്ന ജീവനുകൾ. അവിടെയാണ് സിനിമ പ്രേക്ഷകനോട് സംവദിച്ചു തീരുന്നത്.
രാഷ്ട്രീയ സിനിമയാണെന്നൊക്കെ ആരോപിക്കാമെങ്കിലും വിവാദമാക്കാമെങ്കിലും ഇതൊരു സൊ കോൾഡ് രാഷ്ട്രീയസിനിമയല്ല, അരാഷ്ട്രീയ വാദവുമല്ല മുൻപോട്ടു വയ്ക്കുന്നത്.
തിയേറ്റർ വാച്ച് മസ്റ്റ് ആണെന്ന് സിനിമ പ്രേമികൾ അഭിപ്രായപ്പെടുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ, ജോയ് മാത്യുവിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ അശോകനായി നിറഞ്ഞാടിയ ചാവേർ എന്ന ഈ സിനിമ. തുടക്കം മുതൽ ഒടുക്കം വരെ അങ്ങേ അറ്റം ആകാംഷയോടുകൂടിയേ ഈ ചിത്രം കണ്ടു തീർക്കാനാവു. കാരണം അജാതി വിഷ്വൽ ട്രീറ്റ് ആണ് ഏതൊരു പ്രേക്ഷകനും ഈ ചിത്രം കാഴ്ച വയ്ക്കുന്നത്. ഈ ചിത്രത്തിൽ ചാക്കോച്ചൻ എന്ന അഭിനയ പ്രതിഭയുടെ ശരീര ഭാഷയുടെ മാറ്റം നിങ്ങളെ അതിശയിപ്പിച്ചില്ലെങ്കിൽ നിങ്ങളിലാണ് എന്തോ കുഴപ്പം സംഭവിച്ചിട്ടുള്ളത്.
കഥയിൽ രാഷ്ട്രീയം ഉണ്ടന്ന് പറയുന്നവരോട്.. ഉണ്ട്.. നേരിന്റെ രാഷ്ട്രീയം, മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്ന് അസന്നിഗ്ദ്ധം പറയുന്നുണ്ട് ഈ സിനിമ.
ആർക്കാണ് നീ നിന്റെ വണ്ടി കൊടുത്തതെന്ന് പറയാൻ ആ മെഡിക്കൽ സ്റ്റോറുകാരൻ പയ്യനെ നിര്ബന്ധിക്കുമ്പോൾ ഞാൻ അവന്റെ പേര് പറയില്ലെന്നും കാരണം അവൻ എന്റെ ചങ്ങാതിയാണെന്നുമുള്ള അവന്റെ മറുപടി കേൾക്കുമ്പോൾ ഗ്യാലറിയിൽ നിന്നുയരുന്ന ആ വലിയ കയ്യടി മതി ഏത് അന്തമായ രാഷ്ട്രീയ ചിന്തകൾക്കും അപ്പുറം സൗഹൃദമാണ്, സാഹോദര്യമാണ്, മനുഷ്യത്വമാണ് ഈ സിനിമ മുന്പോട്ടു വയ്ക്കുന്ന സന്ദേശം എന്ന് വിലയിരുത്താൻ.
മാത്രമല്ല സിനിമയുടെ ക്വാളിറ്റി മേക്കിങ് & സ്ട്രോങ്ങ് ടെക്നിക്കൽ സൈഡ് പറഞ്ഞെ മതിയാകൂ. അതിഗംഭീര ബിജിഎം, ഒരുപക്ഷെ കാന്താരക്കൊപ്പം താരതമ്യം ചെയ്യാവുന്നത്രത്തോളം മികച്ചു നിൽക്കുന്നു. ഇത്ര നല്ല സിനിമാട്ടോഗ്രാഫിസ് എക്സ്പീരിയൻസ് നൽകിയ ജിന്റോ ജോർജിനെയും പ്രശംസിക്കാതെ വയ്യ.മനോജ് കെ യു വിന്റേയും അർജുൻ അശോകന്റെയും സജിന്റെയും ആന്റണി വർഗീസിന്റെയും സംഗീതയുടെയും ദീപക്കിന്റെയും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അതി ഗംഭീര പ്രകടനം; എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. അത് കൊണ്ടുതന്നെ കാസ്റ്റിംഗ് ഡിറക്ടറെ പ്രതിപാദിക്കാതെ പോകാനും സാധിക്കുമെന്ന് തോന്നുന്നില്ല.
മിസ്റ്റർ. ടിനു പാപ്പച്ചൻ, ജോയ് മാത്യു സർ, ചാക്കോച്ചൻ, ഈ സിനിമയിൽ പ്രവർത്തിച്ച, ഇത് യാഥാർഥ്യമാക്കിയ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ..
Discussion about this post