തെരുവോര ഭക്ഷണശാലകളിൽ എല്ലാം പതിവായി കാണുന്ന കാഴ്ചയാണ് ഭക്ഷണ വസ്തുക്കൾ പത്രത്താളുകളിൽ പൊതിഞ്ഞ് നൽകുന്നത്. എന്നാൽ ഇങ്ങനെ പൊതിഞ്ഞു നൽകുന്ന ഭക്ഷണ വസ്തു വൈകാതെ തന്നെ കൊടും വിഷമായാണ് മാറുന്നത്. ഇതറിയാതെ ആ ഭക്ഷണ വസ്തുക്കൾ കഴിക്കുന്നവർ പല മാരക രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണത്തിലൂടെ ക്യാൻസർ അടക്കമുള്ള രോഗങ്ങൾ പിടികൂടും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഭക്ഷണ വസ്തുക്കൾ പത്രത്താളുകളിൽ പൊതിഞ്ഞ് വിൽപ്പന നടത്തരുതെന്ന് ദേശീയ ഭക്ഷ്യ അതോറിറ്റിയുടെ കർശന നിർദേശം നിലവിലുണ്ട്. എങ്കിലും പലയിടങ്ങളിലും അത് പാലിക്കപ്പെടാറില്ല. ചിലരാകട്ടെ വീട്ടിൽ പോലും ഭക്ഷണ വസ്തുക്കൾ പത്രത്താളുകളിൽ പൊതിഞ്ഞു വയ്ക്കുന്നവരാണ്. മറ്റു ചിലർ ഹൽവയോ വടയോ പോലെയുള്ള ചില ഭക്ഷണങ്ങളിലെ മെഴുക്കിന്റെ അംശം കളയാനായി അവ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം ഭക്ഷിക്കുന്നു. എന്നാൽ അല്പം മെഴുക്ക് അകത്തു ചെന്നാൽ ഉണ്ടാവുന്നതിനേക്കാൾ നാലിരട്ടി അധികം ദോഷമാണ് ഇത്തരത്തിൽ പത്രത്താളുകളിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്നത്.
പത്രം അച്ചടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിംഗ് മഷികളിൽ ഹാനികരമായ നിറങ്ങൾ, പിഗ്മെന്റുകൾ, ബൈൻഡറുകൾ, അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇവ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതുവഴി വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുക. ഈ രാസമാലിന്യങ്ങൾ കൂടാതെ ഉപയോഗിച്ച പത്രങ്ങൾ ആണെങ്കിൽ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും ആ പത്രത്താളിൽ ഉണ്ടാകും. ശരീരത്തിന്റെ ആരോഗ്യത്തിന് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നവയാണ് ഇവ. അതിനാൽ തന്നെ ഒരിക്കലും പത്രത്താളുകളിൽ പൊതിഞ്ഞ ഭക്ഷണ വസ്തുക്കൾ കഴിക്കരുത്.
Discussion about this post