കോഴിക്കോട് : വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികളെ മൂവായിരം കിലോമീറ്ററുകൾക്കപ്പുറം പോയി പിടികൂടി പോലീസ്. ”കണ്ണൂർ സ്‌ക്വാഡ്” എന്ന സിനിമാ മോഡൽ വേട്ടയാണ് പന്നിയങ്കര പോലീസ് നടത്തിയത്. കേരളത്തിൽ നിന്ന് പ്രതിയെ തേടി പോലീസ് വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെത്തി. ഹയിലക്കൻഡി ജില്ലയിൽ നിതായി നഗർ സ്വദേശിയായ അബ്ദുൽറഹീം ലാസ്‌കറിനെയാണ് (23) പന്നിയങ്കര എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമബിയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ശാഖയിലെ അക്കൗണ്ടിലാണ് തട്ടിപ്പ് നടന്നത്. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പല തവണകളായി 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സെപ്റ്റംബര് 21 നാണ് പി.കെ.ഫാത്തിമബി പരാതി നൽകിയത്. ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിലാണ് പല തവണകളായി 19 ലക്ഷം പിൻവലിച്ചത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ബാങ്കുകളിലെത്തി വിവരങ്ങൾ അന്വേഷിച്ച് അസമിലെ അക്കൗണ്ടാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. 3400 കിലോമീറ്റർ അകലെയുള്ള ഹയലക്കൻഡി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അക്കൗണ്ടുകളുടെ ഉറവിടമെന്നു മനസ്സിലായതോടെ ഒക്ടോബർ 6 ന്
പന്നിയങ്കര എസ്‌ഐ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം അസമിലേക്ക് പുറപ്പെട്ടു.
അസം പോലീസിന്റെ സഹായത്തോടെ പ്രദേശം റെയ്ഡ് ചെയ്താണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ബന്ധുവും കേസിൽ പങ്കാളിയാണ്. എന്നാൽ ഇയാൾ കടന്നുകളഞ്ഞതായാണ് വിവരം. 15 ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലുള്ളതായി കണ്ടെത്തിയെന്നും ഇത് മരവിപ്പിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post