ന്യൂഡൽഹി : ഇംഗ്ലണ്ടിനെതിരെ ആവേശ വിജയം നേടിയ അഫ്ഗാൻ ടീമിന് വേണ്ടി ഗ്യാലറിയിൽ ആർത്തുവിളിച്ചത് അഫ്ഗാൻ സ്വദേശികളേക്കാൾ ഇന്ത്യക്കാരായിരുന്നു. ഐപിഎല്ലിലെ സ്റ്റാർ ഓൾ റൗണ്ടറായ റാഷിദ് ഖാനെ ആവേശത്തോടെയായിരുന്നു ഇന്ത്യക്കാർ സ്വീകരിച്ചത്. റാഷിദ് ഖാന് വിക്കറ്റ് കിട്ടുമ്പോൾ മാത്രമല്ല അദ്ദേഹം ബാറ്റ് ചെയ്തപ്പോഴും ഗ്യാലറിയിൽ ആരവങ്ങളുയരുകയും ചെയ്തു.
കഴിഞ്ഞ ദിവസം പാകിസ്താൻ ഇന്ത്യയോട് തോറ്റപ്പോൾ പാകിസ്താൻ ടീമിനെ ട്രോളി നിരവധി അഫ്ഗാൻകാർ രംഗത്തുവന്നിരുന്നു. ഇന്ത്യൻ ടീമിനെ അനുകൂലിച്ചുകൊണ്ടും പാകിസ്താനെ കണക്കിനു കളിയാക്കിയുമായിരുന്നു അഫ്ഗാൻ കാർ ട്വിറ്ററിൽ ആറാടിയത്. നേരത്തെ തന്നെ ഇന്ത്യൻ ടീമിന്റെ കടുത്ത ആരാധകരാണ് അഫ്ഗാൻകാർ. ചിരവൈരികളായ പാകിസ്താൻ ടീമിനെതിരെ ആഘോഷിക്കാൻ കിട്ടുന്ന ഒരവസരവും അവർ പാഴാക്കാറില്ല.
ഇന്ത്യ തങ്ങളുടെ രണ്ടാം വീടാണെന്നാണ് അഫ്ഗാന്റെ സ്റ്റാർ ബാറ്റർ റഹ്മാനുള്ള ഗുർബാസ് മത്സരത്തിനു ശേഷം പറഞ്ഞത്. “ഇന്ത്യക്കാർ എപ്പോഴും ഞങ്ങളെ സ്നേഹിക്കുന്നു. ഞങ്ങളും ഇന്ത്യയെ സ്നേഹിക്കുന്നു. ഞങ്ങളെവിടെയൊക്കെ പോകുന്നോ അവിടെയെല്ലാം ഇന്ത്യക്കാർ ഞങ്ങൾക്ക് പിന്തുണ തരുന്നുണ്ട്.“ ഗുർബാസ് കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ ജയ് ശ്രീരാം വിളികൾ ഉയർന്നതിനെതിരെ ആരോപണവുമായി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുമ്പോൾ അതിന് കൃത്യമായ മറുപടി കൊടുക്കുന്നതാണ് ആരാധകരുടെ ഈ പ്രവൃത്തി. മതമല്ല മറിച്ച് മനസ്ഥിതിക്കാണ് തങ്ങൾ മറുപടി കൊടുക്കുന്നതെന്ന് ഇന്ത്യൻ കാണികൾ തെളിയിക്കുന്നതായി സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങളുയർന്നു.
എന്തിലും ഏതിലും മതം കൊണ്ടുവരുന്ന പാകിസ്താനികൾക്കാണ് ജയ് ശ്രീരാമിലൂടെ മറുപടി നൽകുന്നത്. എന്നാൽ അതേ മതത്തിൽ പെട്ട റാഷിദ് ഖാനു വേണ്ടി ആർപ്പുവിളിക്കാനും അഫ്ഗാൻ കളിക്കാരെ പിന്തുണയ്ക്കാനും തങ്ങൾക്കറിയാം.ഇതാണ് കാണികൾ വ്യക്തമാക്കുന്നതെന്ന് സോഷ്യൽ മീഡിയകളിലെ ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post