കൊച്ചി; കൃമികീടങ്ങളെ ഞാൻ വകവെച്ചു കൊടുക്കാറില്ല, വകവെച്ചു കൊടുക്കുകയുമില്ല.
രാഷ്ട്രീയത്തിൽ തന്നെ ആക്ഷേപിക്കാൻ നടത്തുന്ന ഗൂഢനീക്കങ്ങളെക്കുറിച്ചുളള ചോദ്യങ്ങൾക്ക് സുരേഷ് ഗോപിയുടെ മാസ് മറുപടി ഇങ്ങനെയായിരുന്നു. കൊച്ചിയിൽ ബിജു മേനോനുമൊത്തുളള പുതിയ സിനിമ ഗരുഡന്റെ റിലീസിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.
നമ്മൾ എന്തായിരിക്കണം എന്ന് നമ്മൾ നിശ്ചയിച്ചാൽ അതിന് സത്യം കൂടുതലാണെങ്കിൽ അതിനകത്ത് മാലിന്യം ലവലേശം ഇല്ലെങ്കിൽ നമ്മൾ ആ പാതയിൽ അങ്ങോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അതിൽ മറ്റുളളവർ നമ്മളെക്കുറിച്ച് എന്ത് മനസിലാക്കുന്നുവെന്നത് പ്രസക്തമല്ലാത്ത കാര്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. എന്റെ അച്ഛൻ സമ്പാദിച്ച പണം കൊണ്ട് എനിക്ക് ബെൻസും ബിഎംഡബ്ല്യുവും വാങ്ങിയിട്ടല്ല നാട്ടുകാരുടെ ട്രോളും തെറിയും കേൾക്കുന്നത് എന്ന ഗോകുൽ സുരേഷിന്റെ വാക്കുകളോടുളള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഗോകുൽ പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേർ പുലഭ്യം പറയുമ്പോൾ വരുന്നതാകും. ഗോകുലിന് അങ്ങനൊരു അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഉണ്ട്. അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായമുണ്ടെന്ന് രാധികയെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു. എന്നാൽ ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ ആരോഗ്യം ചെലവാക്കി സമ്പാദിക്കുന്ന പണം എന്ത് ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നതെന്നാണ് രാധികയുടെ നിലപാടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഏട്ടന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഞാൻ എന്ത് ചെയ്യണമോ അതാണ് എന്റെ സംഭാവന. അതിൽ ഒരു അഭിപ്രായം പറയാൻ ഞാൻ തയ്യാറല്ല എന്നാണ് പലപ്പോഴും പറഞ്ഞിട്ടുളളത്. ഇക്കാര്യം രാധിക ഗോകുലിനോട് തന്നെ പറയുന്നത് കേട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങൾ രാഷ്ട്രീയക്കാരനായ അച്ഛനെന്ന ദൂരം കൃത്യമായി വെയ്ക്കണമെന്നും അപ്പോൾ ഈ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നുമാണ് മക്കളോട് പറഞ്ഞിട്ടുളളത്. സിനിമയിലെ നടീ നടൻമാരെക്കുറിച്ചും ഇങ്ങനെ പറയുന്നില്ലേയെന്നും മക്കളോട് ചോദിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
Discussion about this post