ടെൽ അവീവ്: ഹമാസിന്റെ ലക്ഷ്യം സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണമല്ലെന്ന് ഹമാസ് സ്ഥാപക നേതാവ് ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്. ഹമാസിന്റെ ലക്ഷ്യം ജൂതന്മാരുടെ ഉന്മൂലനവും ലോകത്തിന്റെ ഇസ്ലാമികവത്കരണവുമാണ്. ലോകത്താകമാനം ശരീയത്ത് നിയമം നിലവിൽ വരുന്ന കാലം വരെ ആരുമായും യുദ്ധം ചെയ്യാനാണ് പിതാവിന്റെയും സംഘത്തിന്റെയും തീരുമാനമെന്നും മൊസാബ് പറഞ്ഞു.
ഹമാസിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് സംഘടന ഉപേക്ഷിച്ച ശേഷം ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്നയാളാണ് മൊസാബ് ഹസൻ. ഇയാളുടെ പിതാവിനെ മറ്റ് 60 ഹമാസ് നേതാക്കൾക്കൊപ്പം കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ നിന്നും ഇസ്രയേൽ സേന പിടികൂടിയിരുന്നു.
1997 മുതൽ 2007 വരെയാണ് മൊസാബ് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്. ഗ്രീൻ പ്രിൻസ് എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം നിരവധി ചാവേർ ആക്രമണങ്ങൾ പരാജയപ്പെടുത്താൻ ഇസ്രയേലിനെ സഹായിച്ചിരുന്നു.
അവസാനമില്ലാത്ത മതയുദ്ധത്തിനാണ് ഹമാസ് പദ്ധതിയിടുന്നത്. രാഷ്ട്രീയ അതിർവരമ്പുകളിൽ അവർ വിശ്വസിക്കുന്നില്ല. ഇസ്രയേലിനെ നശിപ്പിക്കുന്നതിലൂടെ ഇസ്ലാമിക രാഷ്ട്ര സ്ഥാപനം എന്നതാണ് ഹമാസിന്റെ സ്വപ്നമെന്നും മൊസാബ് മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രയേലിന്റെ അസ്തിത്വത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും ശത്രുക്കളായാണ് ഹമാസ് കാണുന്നത്. ലോകത്തിലെ എല്ലാ ഇസ്ലാമിക ഭീകരവാദികൾക്കും ഒരു പൊതുലക്ഷ്യമാണ് ഉള്ളത്. ആഗോള ഇസ്ലാമിക സാമ്രാജ്യത്തിന്റെ സ്ഥാപനമാണ് അതെന്നും മൊസാബ് കൂട്ടിച്ചേർത്തു.
ഈ യുദ്ധം തുടങ്ങി വെച്ചത് ഇസ്രയേലല്ല, ഹമാസാണ്. ഹമാസിന് പണം ആവശ്യമായി വരുമ്പോഴെല്ലാം അവർ ഇത്തരത്തിൽ യുദ്ധങ്ങൾ തുടങ്ങി വെക്കുന്നത് പതിവാണ്. എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കുന്നത് ഗാസയിലെ സാധരണക്കാരായ സ്ത്രീകളും കുട്ടികളുമാണെന്നും മൊസാബ് ചൂണ്ടിക്കാട്ടി.
ഇന്ന് ഹമാസ് ലോകത്ത് ആകമാനം ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഹമാസിനെ ഇല്ലായ്മ ചെയ്യാനുള്ള ശേഷി ഇസ്രയേലിനുണ്ട്. പക്ഷേ, അതുകൊണ്ട് ആയില്ല. ദോഹയിലെയും ബെയ്രൂട്ടിലെയും എല്ലാ ഇടങ്ങളിലെയും ഭീകരതയുടെ തലയറുക്കണം. തല പോയാൽ വാൽ പിടഞ്ഞ് അവസാനിച്ചു കൊള്ളും. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൊസാബ് ഹസൻ യൂസഫ് പറഞ്ഞു.
Discussion about this post