ടെല്‍ അവീവ്: ഗാസയിലെ മുഴുവന്‍ ആശുപത്രികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഹമാസ് പൂഴ്ത്തി വച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രയേല്‍. ആശുപത്രികളുടെ പ്രവര്‍ത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് വലിയ അളവില്‍ ഹമാസ് ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ വെച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നത്. ഗാസയില്‍ അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഐ.ഡി.എഫ്. എക്സില്‍ പങ്കുവെച്ചു.
തെക്കന്‍ ഗാസയില്‍ റാഫ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് 5 ലക്ഷം ലിറ്റര്‍ ഡിസല്‍ വലിയ ഇന്ധന ടാങ്കുകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു. സാധാരണക്കാരില്‍നിന്ന് തട്ടിയെടുക്കുന്ന ഇന്ധനമാണ് ഹമാസ് ഇങ്ങനെ ശേഖരിക്കുന്നതെന്നും ഇസ്രയേല്‍ പറയുന്നു.
ആരോപിക്കപ്പെടുന്ന അളവിലുള്ള ഇന്ധനശേഖരം ഉപയോഗിച്ച് ഗാസയിലെ മുഴുവന്‍ ആശുപത്രികളും കൂടുതല്‍ ദിവസത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ഇന്‍ഡൊനീഷ്യന്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. 48 മണിക്കൂര്‍ കൂടി ആശുപത്രി പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമേ ഇവിടെ ശേഷിച്ചിരുന്നുള്ളൂ. ഇതും നിലച്ചാല്‍ ഇന്‍ക്യുബേറ്ററും ശ്വസനോപകരണങ്ങളുമടക്കം പ്രവര്‍ത്തനം നിലച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചത് ഇസ്രയേല്‍ കാരണമാണെന്നായിരുന്നു ഹമാസിന്റെ പ്രതികരണം. ആശുപത്രിക്ക് വൈദ്യുതി നിഷേധിച്ച നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും ഹമാസ് പ്രതികരിച്ചിരുന്നു. കൂടാതെ പ്രതിസന്ധി പരിഹരിക്കാന്‍ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഐ.ഡി.എഫ്. ഹമാസിന്റെ വാദത്തെ ഖണ്ഡിക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയത്.
Discussion about this post