തിരുവനന്തപുരം; മന്ത്രി മുഹമ്മദ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ വീണ വിജയന്റെ 2.97 കോടി രൂപയുടെ വരുമാനം ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. 1.08 കോടി രൂപ മാത്രമാണ് വീണയുടെ വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാൽ 2017 മുതൽ 2021 വരെ വിവിധ കമ്പനികളിൽ നിന്ന് വീണയ്ക്ക് ലഭിച്ചത് 4.05 കോടി രൂപയോളമാണെന്ന് ജിഎസ്ടി രേഖകൾ വ്യക്തമാക്കുന്നു.
ജിഎസ്ടി രേഖകൾ അനുസരിച്ച് 2017 മുതൽ 2021 വരെ വീണയുടെ കമ്പനിയായ എക്‌സലോജിക്കിന് 2.50 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. വീണയ്ക്ക് 2018 മുതൽ 2021 വരെ ലഭിച്ച വിറ്റുവരവ് 1.55 കോടിയും. രണ്ട് തുകയും കൂട്ടുമ്പാൾ 4.05 കോടി രൂപ വരും.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ സത്യവാങ്മൂലത്തിൽ വീണയുടെ വരുമാനമായി 1.08 കോടി രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. ജീവിതപങ്കാളി പൊതുമേഖലാ സ്ഥാപനങ്ങളുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനും ഇല്ല എന്നാണ് മറുപടി.
കമ്പനിയുടെ വരുമാനത്തിൽ ജിഎസ്ടി പരിധി കടക്കുന്നത് ഒഴിവാക്കാൻ വീണ സ്വന്തം പേരിൽ ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്തതാണെന്ന് വേണം കരുതാൻ. സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണ പ്രതിമാസം പ്രതിഫലം വാങ്ങിയത് വലിയ വിവാദമായിരുന്നു.
Discussion about this post