ഗാസ: ഗാസയിലെ അപ്രതീക്ഷിത സേനാനീക്കത്തിലൂടെ ഹമാസിന്റെ ബുദ്ധികേന്ദ്രങ്ങളായ പ്രധാന നേതാക്കളെ ഇസ്രയേൽ സേന പിടികൂടിയതായി റിപ്പോർട്ട്. സമ്പൂർണമായ കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ നടത്തിയ ഏറ്റവും പ്രധാനമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ കടന്നു കയറിയ ഇസ്രയേൽ സേന ഭീകര കേന്ദ്രങ്ങളിൽ വൻ നാശം വിതച്ചതായാണ് റിപ്പോർട്ട്. യുദ്ധം സമ്പൂർണ്ണ കരയുദ്ധത്തിലേക്ക് വഴിമാറുന്നതിന് മുന്നോടിയായി, ഗാസയുടെ ഉത്തരാതിർത്തിയിൽ ഇസ്രയേൽ പ്രതിരോധ സേന ടാങ്കുകളും മിസൈൽ വേധ യുദ്ധവിമാനങ്ങളും വിന്യസിച്ചു. ഭീകര കേന്ദ്രങ്ങളെ കൃത്യമായി അടയാളപ്പെടുത്തി നീങ്ങുന്നതിലൂടെ, സാധാരണക്കാരുടെ ആൾനാശം ലഘൂകരിക്കാനുള്ള പദ്ധതിയും ഇസ്രയേൽ സേനയ്ക്കുണ്ട് എന്ന് അന്താരാഷ്ട്ര മാദ്ധ്യമം വിലയിരുത്തുന്നു.
ഹമാസിന്റെ നയങ്ങളിൽ വ്യതിയാനം വരുന്നില്ലെങ്കിൽ സമ്പൂർണ കരയുദ്ധത്തിന് തങ്ങൾ നിർബന്ധിതരാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ ലക്ഷ്യമാക്കി മൂന്നര ലക്ഷത്തോളം സൈനികരാണ് ഇരച്ചു കയറാൻ കാത്തിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെയും വിദേശികളെയും മിന്നലാക്രമണത്തിലൂടെ മോചിപ്പിക്കാനും ഇസ്രയേലിന് പദ്ധതിയുണ്ട് എന്നാണ് റിപ്പോർട്ട്.
അതേസമയം, സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
Discussion about this post