കൊച്ചി: മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെ മീഡിയ വൺ ലേഖികയോട് മോശമായി പെരുമാറിയെന്ന പ്രചാരണത്തിൽ സുരേഷ് ഗോപിക്ക് പിന്തുണ നൽകി സിനിമാ മേഖലയിലെ പ്രമുഖർ. തന്റെ പ്രവൃത്തിയെ ഒരു വിഭാഗം ആളുകൾ വളച്ചൊടിച്ച് സൈബറിടങ്ങളിൽ ഉൾപ്പെടെ താറടിച്ചുകാണിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സുരേഷ് ഗോപി ലേഖികയോട് ക്ഷമ ചോദിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റിൽ കമന്റുകളായിട്ടാണ് ബാബുരാജ് ഉൾപ്പെടെയുളള താരങ്ങൾ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് എത്തിയത്.
കഷ്ടം എന്തൊരു അവസ്ഥ എന്ന് പറഞ്ഞാണ് ബാബുരാജ് കുറിപ്പ് തുടങ്ങിയത്. വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ്‌ചേട്ടൻ മാന്യതയോടല്ലാതെ ഇതുവരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല … കണ്ടിട്ടില്ല …… ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്ന് ബാബുരാജ് പറഞ്ഞു. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു എന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരണം അവസാനിപ്പിക്കുന്നത്.
ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം സുരേഷേട്ടൻ എന്നായിരുന്നു അനുമോളുടെ പ്രതികരണം. ഇന്നലെയുണ്ടായ സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെ വളച്ചൊടിക്കുകയായിരുന്നു. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ലേഖികയോട് പെരുമാറിയതെന്നും ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും ക്ഷമാപണ പോസ്റ്റിൽ സുരേഷ് ഗോപി വിശദീകരിച്ചിരുന്നു. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നുതന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
രാവിലെ വാർത്താചാനലുകൾക്ക് നൽകിയ ടെലിഫോൺ പ്രതികരണത്തിലും സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയസാദ്ധ്യതകളെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയാണ് യാദൃശ്ചികമായ സംഭവം ഉണ്ടായത്. മീഡിയ വൺ ലേഖിക സുരേഷ് ഗോപിയോട് പ്രകോപനപരമായ ചോദ്യങ്ങൾ ആവർത്തിക്കുന്നുണ്ടായിരുന്നു. ഇതിന് മറുപടി പറയുന്നതിനിടയിൽ അദ്ദേഹം അവരുടെ തോളിൽ കൈവെക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് സുരേഷ് ഗോപിക്കെതിരെ പ്രചാരണം നടത്തുന്നത്.
Discussion about this post