തിരുവനന്തപുരം : കേരളാ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തെ വിമര്‍ശിച്ച് പ്രമുഖ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. കേരളീയം പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചാണ് വിമര്‍ശനവുമായി ബാലചന്ദ്രമേനോന്‍ രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയുടെ പരിച്ഛേദം എന്ന രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ താന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞ 45 വര്‍ഷം നല്‍കിയ സംഭാവനകളൊന്നും ഉള്‍പ്പെടുത്താത്തിനെയാണ് സംവിധായകന്‍ ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രമേനോന്റെ ഒരു സിനിമ പോലും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
“തീയറ്റര്‍ കാണാത്ത സിനിമകള്‍ പോലും മലയാള സിനിമയുടെ പരിച്ഛേദമായി ഈ മേളയില്‍ കാണിക്കുന്നുണ്ട്. ചില സംവിധായകരുടെ രണ്ടു ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ബാലചന്ദ്രമേനോന്റെ ഒരു സിനിമ പോലും കാണിക്കുന്നില്ല. സ്ത്രീപക്ഷ സിനിമയായ അച്ചുവേട്ടന്റെ വീട് ഉണ്ട്, ഹാസ്യ ചിത്രം എന്ന നിലയില്‍ ചിരിയോ ചിരിയുണ്ട്. ചിരിയോ ചിരി ഒരിക്കല്‍ മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. അതിനു ശേഷമാണ് നാടോടിക്കറ്റ് ഉള്‍പ്പെടെയുള്ള ഹാസ്യചിത്രങ്ങള്‍ വരുന്നത്. ഏപ്രില്‍ 18 പോലെയുള്ള ജനപ്രീതിയുള്ള സിനിമകളുണ്ട്. ഇതൊന്നും യോഗ്യതയുള്ള സിനിമകള്‍ അല്ലേ. അങ്ങിനെ തീരുമാനമെടുത്തത് ആരാണ്. ഇത് നീതിക്കു നിരക്കാത്ത പ്രവര്‍ത്തിയാണ്”, ബാലചന്ദ്രമേനോന്‍ പറഞ്ഞു.
കെ എസ എഫ് ഡി സി, ചിത്രാഞ്ജലി എന്നീ സര്‍ക്കാര്‍ സംരംഭങ്ങളോട് ഏറ്റവും കൂടുതല്‍ സഹകരിച്ച ഒരു നടനാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രാഞ്ജലിയിലാണ് സമാന്തരങ്ങള്‍ എടുത്തത്. അവിടെ നിന്ന് പോയിട്ടാണ് ആ ചിത്രം ദേശീയ അവാര്‍ഡ് നേടിയത്. ആ സിനിമയില്‍ താന്‍ പത്ത് ഡിപ്പാര്‍ട്മെന്റാണ് നോക്കിയത്. അത് ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു റിക്കോര്‍ഡാണ്. ആ സമാന്തരങ്ങള്‍ പോലും ഈ ചലച്ചിത്രമേളയില്‍ ഇല്ല. എന്തുകൊണ്ട് അതിനെ ഇതില്‍ ഉള്‍പ്പെടുത്തിയില്ല. അത് ചിത്രാഞ്ജലിയുടെ ഒരു പ്രസ്റ്റീജ് ചിത്രമല്ലേ. അത് അവിടെ കാണിക്കാന്‍ കൊള്ളരുതാത്ത ചിത്രമാണോ, സര്‍ക്കാര്‍ ഉത്തരം തരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞങ്ങള്‍ എന്തും അങ്ങ് ചെയ്യുമെന്ന് പറഞ്ഞേക്കരുത്, ഇത് ജനാധിപത്യമാണെന്നും ബാലചന്ദ്രമേനോന്‍ കേരളാ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. റയില്‍വേ എന്നത് ഒരു രാജ്യത്തിന്റെ ഞരമ്പുകളാണ്. അതിലെ രക്ത ഓട്ടം നിലക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞതാണോ തെറ്റ്. ദേശീയത കൊണ്ടുവന്നതാണോ തെറ്റ്. കുടുംബമാണ് എല്ലാറ്റിന്റെയും ആധാരം കുടുംബം നന്നായി സൂക്ഷിക്കണം എന്ന് എന്റെ സിനിമകളില്‍ കൂടി പ്രചരിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റെന്നും ബാലചന്ദ്ര മേനോന്‍ ചോദിച്ചു. തന്നെപ്പോലെ തന്നെ സംവിധായകന്‍ മോഹന്റെയും ഒരു സിനിമയും ഈ ലിസ്റ്റില്‍ കണ്ടില്ല. അതും മോശമാണ്. ഒരു പൗരന്‍ എന്ന നിലയില്‍ ഈ അനീതി ചോദ്യം ചെയ്യേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് ഇത് പറയുന്നതെന്നും ബാലചന്ദ്രമേനോന്‍ കൂട്ടിച്ചേര്‍ത്തു.
കേരളപ്പിറവി ദിനത്തില്‍ പ്രഭാതത്തില്‍ ഇത് പറയേണ്ടി വന്നതില്‍ തനിക്ക് ലജ്ജയുണ്ടെന്നും അതിനു കാരണക്കാര്‍ ആരായാലും അവരും ലജ്ജ കൊണ്ട് തല താഴ്ത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആരോടും ദേഷ്യമോ പകയോ ഇല്ലെന്നും, എന്നാൽ അനീതി കണ്ടാൽ പ്രതികരിക്കുമെന്നും മേനോൻ കൂട്ടിച്ചേർത്തു. തന്റെ യു ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് കേരള സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ബാലചന്ദ്രമേനോന്‍ ഉന്നയിച്ചിട്ടുള്ളത്.
Discussion about this post