തിരുവനന്തപുരം: എന്തും പറയാനും വക്രീകരിക്കാനുമുള്ള സ്വാതന്ത്ര്യമല്ല മാദ്ധ്യമസ്വാതന്ത്ര്യമെന്ന് ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. പറയാതെ വയ്യ പരിപാടിയിലൂടെ ഷാനി പ്രഭാകര്‍ സുരേഷ് ഗോപിക്കെതിരെ നടത്തിയത് ഏകപക്ഷീയവും മൃഗീയവും നിന്ദ്യവുമായ കടന്നാക്രമണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എനിക്കും ‘പറയാതെ വയ്യ’ മാഡം,
മലയാള മനോരമ ചാനലില്‍ ‘പറയാതെവയ്യ’ എന്ന ശ്രദ്ധേയമായ പരിപാടിയില്‍ അതിന്റെ പ്രമുഖ ന്യൂസ് റീഡര്‍ ഷാനി പ്രഭാകര്‍ (പേരില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക) പ്രമുഖ നടന്‍ സുരേഷ് ഗോപിക്കെതിരെ നടത്തിയ ഏകപക്ഷീയവും മൃഗീയവും നിന്ദ്യവുമായ കടന്നാക്രമണം മികച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ ലക്ഷ്മണ രേഖകളും അതിലംഘിച്ചുള്ളതാണെന്നു ‘പറയാതെ വയ്യ’. സുരേഷ് ഗോപിയെപ്പോലെ ചലച്ചിത്ര രംഗത്തു ദശാബ്ദങ്ങള്‍ പിന്നിട്ട , ലബ്ധപ്രതിഷ്ഠനായ നടന്‍ എന്ന നിലയ്ക്ക് പേരെടുത്ത ഒരാളോട് കാട്ടേണ്ട ആദരവിന്റെ കണിക പോലും അവതാരക ഇവിടെ കാണിച്ചില്ല, എന്നുമാത്രമല്ല ഓരോ നാലോ അഞ്ചോ വരികള്‍ പറഞ്ഞുടനെ കഥാനായകനെ ചവിട്ടിയരക്കുന്ന വിഷസൂചി കുത്തികയറ്റിക്കൊണ്ടിരുന്ന ഈ പരിപാടിയെ മലയാള മനോരമ ന്യൂസിന്റെ സ്ത്രീപക്ഷ മാനിഫെസ്റ്റോയായി കാണക്കാക്കണമെങ്കില്‍ ആ മാധ്യമം വലിയ വില നല്‍കേണ്ടിവരും.
ഏറ്റവും മികച്ച മാധ്യമ ശ്രേഷ്ഠരുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ഖ്യാതി നേടിയിട്ടുള്ള മാധ്യമമാണ് മനോരമ ന്യുസ് എന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷെ സമീപകാലത്തു അതിന്റെ പോക്ക് തുടലൂരിവിട്ട നായയുടെ മട്ടാണ്. ചര്‍ച്ചയ്ക്കു എത്തുന്ന അതിഥികളോട് അവതാരക കാട്ടുന്ന ആക്രോശങ്ങളും അതിരുവിട്ടതാണ്. ഈ ചാനല്‍ ഒരു മുട്ടാള മാധ്യമമായി അധഃപതിച്ചു. അതില്‍ അഹങ്കാരത്തിന്റെ പടഹധ്വനി മുഴങ്ങുമ്പോള്‍ ജീവനും കൊണ്ട് ഓടുകയാണ് പ്രേക്ഷകര്‍.
ഈ ചാനലിന് സംഭവിച്ചതെന്തെന്നു തിരിച്ചറിയണമെങ്കില്‍ ‘പറയാതെ വയ്യ’ പരിപാടിയില്‍ സുരേഷ് ഗോപി വധം ഒന്ന് കണ്ട് നോക്കിയാല്‍ മതി. കാടുകയറി എവിടെയാണ് അവതാരക എത്തിനില്‍ക്കുന്നത്? ആരെയും എന്തും പറയാനും വക്രീകരിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമ സ്വാതന്ത്ര്യമായി കാണാനാകുമോ?
ഒരു രാഷ്ട്രീയ നര്‍മ്മസംഭാഷണത്തില്‍ ചിലര്‍ എടുത്ത സ്വാതന്ത്ര്യത്തില്‍ ഒരു ലേഖികക്കു സ്വയമോ പരപ്രേരണയാലോ വീണ്ടുവിചാരമുണ്ടായി അതിലെ ഭാവം തിരുത്തണമെന്ന് തോന്നിയപ്പോള്‍ അത് മനസിലാക്കി തത്സമയം അതില്‍ നിഷ്‌ക്കളങ്കമായി ക്ഷമ പറയുകയും ആ വിമര്‍ശനത്തെ മാനിക്കുകയും ചെയ്ത ഒരു മനുഷ്യന്റെ ആര്‍ജ്ജവത്തെക്കുറിച്ചു ഒരു വാക്ക് പോലും അഭിനന്ദിക്കാതെ അതിനെയും കപട ‘പുത്രവാത്സല്യത്തിന്റെ ഗണത്തില്‍ പെടുത്തിയ അവതാരകയുടെ ആ മനസ്സ് ഉണ്ടല്ലോ അതിനു നല്ല നമസ്‌ക്കാരം ഷാനി പ്രഭാകര്‍. സദുദ്ദേശത്തോടെ ഒരു കാര്യം അറിയിച്ചോട്ടെ ഷാനി പ്രഭാകര്‍ അവതരിപ്പിച്ച ഈ പരിപാടി അല്‍പ്പം ദിശമാറിയിരുന്നെങ്കില്‍ ജോണ്‍ ഗ്വില്ലര്‍മിന്റെ ദുരന്തചലച്ചിത്രമായ ‘ടവ്വറിങ് ഇന്‍ഫെര്‍ണോ’യുടെ ദൃശ്യം പരകായപ്രവേശം ചെയ്യാന്‍ അധികസമയം എടുക്കില്ലായിരുന്നു. അത്രയേറെ പ്രകോപിതവും വിലക്ഷണവും വൈകൃതവുമായ ഒരു പരിപാടിയായിരുന്നു ഷാനിയുടേത്. ഇതൊന്നും ആരും കാണാത്തതു കൊണ്ടാണ് നാളെയും ഇന്നത്തെപ്പോലെ സൂര്യോദയം നമുക്ക് കാണാന്‍ കഴിയുന്നത്. പുലിറ്റ്സര്‍ സമ്മാനാര്‍ഹമായ ചോദ്യമാണ് അവതാരക തുടക്കത്തില്‍ തന്നെ ചോദിക്കുന്നത് : സത്രീകളെ കണ്ടാല്‍ ഉടന്‍ പുത്രവാത്സല്യവും രക്ഷാകര്‍തൃബോധവും തോന്നുന്നത് സ്ത്രീവിരുദ്ധതയാണെന്നു മനസിലാക്കാന്‍ എന്താണിത്ര പ്രയാസം എന്ന്, അമ്പടീ!
എന്താ അങ്ങനെ തോന്നാന്‍? സുരേഷ് ഗോപി ഒരു വിടനാണോ? സ്ത്രീ വിരുദ്ധതയില്‍ ഹാബിച്വല്‍ ഒഫന്‍ഡര്‍ ആണോ? വിവാദം മൂപ്പിച്ചെടുക്കാന്‍ മനോരമയില്‍ ആര്‍ക്കാണ് ഇത്ര അത്യാര്‍ത്തി? ചലച്ചിത്ര രംഗത്തു ദശാബ്ദങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും സ്ത്രീകളെ ശല്യം ചെയ്തതായി ഒരു നേരിയ ആരോപണം പോലും സുരേഷ് ഗോപിക്കെതിരെ ഇന്നോളം ഉയര്‍ന്നിട്ടില്ല എന്ന സത്യം മാത്രം ഷാനിയുടെ വായില്‍ നിന്ന് ആ പരിപാടിയില്‍ പുറത്തുവരാത്തത് വായില്‍ പഴം കയറ്റിവെച്ചിരുന്നതുകൊണ്ടാണോ? മലയാള മനോനോരമയുടെ കുടുംബത്തിലെ കൊച്ചമ്മമാര്‍ക്കു എന്താണ് ഈ നടനോട് മാത്രം കലിപ്പ്. ജനം ഇതിനു പിന്നില്‍ മറ്റ് അപഖ്യാതികള്‍ കണ്ടാല്‍ എങ്ങിനെ മനോരമയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റും. ഒരു തീപ്പൊരി വീണാല്‍ കത്തുന്ന അവസ്ഥയിലാണ് എന്റെ നാട്. ഇത്തരം പരിപാടികള്‍ സാധാരണ ജനങ്ങളെ ആകര്‍ഷിക്കാറില്ലാത്തതു നാടിന്റെ ഭാഗ്യം!.
ഷാനി പ്രഭാകര്‍ വിഷസൂചിയാണെന്ന് പറയാന്‍ കാരണം ഈ സ്‌ക്രിപ്റ്റില് പരാതിക്കാരിയായ ലേഖികയുടെ ഓരോ വാക്കിന്റെയും പിന്നിലെ ബുദ്ധികേന്ദ്രം ഷാനി പ്രഭാകര്‍ ആണ്. അവതാരകയുടെ മസ്തിഷ്‌ക്ക പ്രക്ഷാളനം മാത്രമാണ് ഈ സ്‌ക്രിപ്റ്റ്. കത്തുന്നുന്നെങ്കില്‍ കത്തട്ടെ എന്ന ദുഷ്ടലാക്ക്. ഇങ്ങിനെ ഒരു പ്രോഗ്രാം ഏതെങ്കിലും അന്തസുള്ള പൊഡ്യുസര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിക്കുമോ? എന്റെ വിനീതമായ ആഗ്രഹം അഭ്യസ്തവിദ്യനായ ഓരോ പ്രേക്ഷകനും, പ്രത്യേകിച്ചും ഓരോ വനിതയും മനോരമയിലെ ഈ പരിപാടി ക്ഷമയോടെ ഇരുന്നു കാണണം. എന്നിട്ടു വിലയിരുത്തണം. ഒരുമയോട് കഴിയുന്ന മലയാളി കുടുംബങ്ങളില്‍ വിഷവിത്തു വിതയ്ക്കാന്‍ ഏതെങ്കിലും ഷാനി പ്രഭാകര്‍ ഒരുമ്പെട്ടാല്‍ കളമശ്ശേരികള്‍ സൃഷ്ടിച്ചിട്ടു നമ്മള്‍ ദുഃഖിച്ചിട്ട് കാര്യമില്ല.
സുരേഷ് ഗോപി ലേഖികയെ അനുമതിയില്ലാതെ സ്പര്‍ശിച്ചു എന്നുമാത്രമല്ല അസ്വസ്ഥത ഉണ്ടാക്കുന്നതരത്തില്‍ സംസാരിച്ചതും ഗുരുതരമായ നിയമ ലംഘനമാണെന്നാണ് അവതാരക വാദിക്കുന്നത്. അതാണത്രേ പത്രധര്‍മ്മം. പണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യുന്ന ഫോട്ടോ പകര്‍ത്തിയത് വിവാദമാക്കി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മനോരമയുടെ ബ്യുറോ ചീഫ് പരാതി അയച്ചു വിവാദം ഉണ്ടാക്കി അതിന്റെ പുതിയ എഡിഷന്‍ ആകാം ഷാനി പ്രഭാകര്‍!
സുരേഷ് ഗോപി മാപ്പു പറഞ്ഞെങ്കിലും ചെയ്തത് തെറ്റാണെന്നു ഇനിയും ബോധ്യപ്പെടാത്ത കപടവാത്സല്യ ഭാവം കൊണ്ടുനടക്കുകയാണെന്നും മനോരമ ന്യൂസ് വെട്ടിത്തുറന്ന് ആരോപിക്കുന്നു. സ്ത്രീകള്‍ ഭയക്കണമത്രേ. തൃശൂരില്‍ മത്സരിക്കുമെന്നുള്ളതുകൊണ്ടു മിണ്ടാതിരുന്നോളണം എന്ന് വാദിക്കുന്നതിന്റെ യുക്തിയില്ലായ്മയും മനോരമ ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണ ഒരു മനുഷ്യജീവി ജന്മം കൊള്ളുന്നതുപോലെ പവിത്രമായ ഒരു വിടവിലൂടെയല്ലേ ഈ മഹിളാരത്‌നവും ഭൂമിയില്‍ ഭൂജാതയായത്. അതോ മനോരമയില്‍ പ്രത്യേക ഇന്‍ക്യൂബേറ്ററും ശീതീകരിച്ച കുമ്പസാരക്കൂടും ഉണ്ടോ ഷാനി പ്രഭാകര്‍? ‘സ്ത്രീകളെക്കാണുമ്പോള്‍ മാത്രം പിതാവായും സഹോദരനായും വാത്സല്യഭാവം ഉണരുന്നതുതന്നെ സ്ത്രീവിരുദ്ധതയാണെന്നു ‘അവതാരക വിളിച്ചുപറയുമ്പോള്‍ സ്വന്തം മകള്‍ നഷ്ടപ്പെട്ടതിന്റെ കനലുകള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന മനസുമായി കഴിയുന്ന ആ പിതാവിന്റെ മനസ്സ് അതിനു മാപ്പുനല്‍കട്ടെ. ഇങ്ങിനെയും ചില ജന്മങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് തിരിച്ചറിയുക. അവതാരക പുച്ഛത്തോടെ ചാനലില്‍ പ്രസംഗിക്കുന്നത് കേട്ടു ‘മാപ്പ് എന്ന് പുരുഷന്‍ പറഞ്ഞാലുടനെ അതുകൊണ്ടു സ്ത്രീ തൃപ്തിപ്പെട്ടോളണം’ എന്നത് കാട്ടാളനീതിയാണത്രെ. എനിക്കറിയാം എന്റെ ഈ നിലപാടിന് രാഷ്ട്രീയരംഗത്തും മാധ്യമരംഗത്തും ഞാന്‍ വലിയ പഴി കേള്‍ക്കേണ്ടിവരുമെന്ന്. അത് സ്വാഭാവികമാണ്. ഞാന്‍ ആരെയും അതിനു തെറ്റുപറയില്ല.
എന്റെ മനഃസാക്ഷിയാണ് എനിക്ക് വലുത്. എത്രയായാലും ഇത് സുരേഷ് ഗോപിയല്ലേ ആകുന്നുള്ളൂ. ഗോവിന്ദച്ചാമി ആകുന്നില്ലല്ലോ ഷാനി പ്രഭാകര്‍?
Discussion about this post