നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി അമിനോ ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ് നിലക്കടല. ദിവസവും മിതമായ അളവിൽ നിലക്കടല കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. നിരവധി വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.
നിലക്കടല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും PCOS, ഉദ്ധാരണക്കുറവ് എന്നിവയുടെ ചികിത്സയിലും സഹായിക്കുകയും ചെയ്യുന്നതാണ്. എന്നാൽ നിലക്കടല ദിവസവും മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ദിവസം 42 ഗ്രാം വരെ നിലക്കടല കഴിക്കുന്നതാണ് ആരോഗ്യദായകമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ നിലക്കടല ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് . ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്തുന്നത് ശരീരഭാരം വർദ്ധിപ്പിക്കാതെ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ്. മിതമായ അളവിൽ ദിവസവും നിലക്കടല കഴിക്കുന്നത് വൻകുടലിലെ ക്യാൻസറിനുള്ള സാധ്യതയും ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദ സാധ്യതയും കുറയ്ക്കും എന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി ഗുണങ്ങളാണ് നിലക്കടലയിൽ അടങ്ങിയിട്ടുള്ളത്.
Discussion about this post