കൊച്ചി : മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജ്യോതികയും ഒരുമിച്ചഭിനയിക്കുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നവംബര്‍ 23 മുതല്‍ ചിത്രം തിയേറ്ററുകളിലെത്തും.
ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി ജ്യോതിക കൂട്ടുകെട്ടിനാല്‍ തന്നെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങുന്ന പടമാണ് ഇത്. ‘കാതല്‍ ദി കോര്‍’ വ്യത്യസ്തമായൊരു കാഴ്ചാനുഭവമാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കാതല്‍ ദി കോര്‍’ന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും രണ്ട് വികാരങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെപോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങള്‍ സെക്കന്‍ഡ് ലുക്കില്‍ അല്‍പം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ച ഒന്നാണെന്ന് തെന്നിന്ത്യന്‍ താരവും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യ അഭിപ്രായപ്പെട്ടിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ‘കാതല്‍ ദി കോര്‍’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ല്‍ പുറത്തിറങ്ങിയ സീതാകല്യാണം ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് സാലു കെ തോമസ്സാണ്.
Discussion about this post