ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിയൻ പ്രസിഡന്റ് സയീദ് ഇബ്രാഹിം റെയ്സിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണങ്ങളും അക്രമങ്ങളും ആൾനാശവും അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണെന്ന് ഇറാനിയൻ പ്രസിഡന്റിനെ അറിയിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ചർച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അക്രമങ്ങൾക്ക് തടയിടുക, മാനുഷിക സഹായങ്ങൾ തുടരുക, പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കുക, മേഖലയിൽ സ്ഥിരത ഉറപ്പ് വരുത്തുക എന്നിവയും പ്രധാനമാണെന്ന് റെയ്സിയെ അറിയിച്ചു. ചബഹാർ തുറമുഖം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പുരോഗതി വിലയിരുത്തിയതായും ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ആഹ്വാനം നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ഇസ്രയേൽ സേന ഇന്നും ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം തുടർന്നു. ഗാസയിൽ മരണസംഖ്യ പതിനായിരം കടന്നതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. പലസ്തീൻ വിഷയത്തിൽ അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post