തിരുവനന്തപുരം; നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെയാകണമെന്ന അന്വേഷണത്തെയും അതിന് വേണ്ടി വരുന്ന ചിലവിനെയും ധൂർത്തായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തായിരുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പതാകയാണ് കേരളീയം ഉയർത്തിയത്. കേരളീയം ധൂർത്താണ്, ഇങ്ങനൊരു പരിപാടി ഈ പ്രതിസന്ധി കാലത്ത് ആവശ്യമുണ്ടോയെന്ന് ചോദിക്കുന്ന ചിലർ നമ്മുടെ സമൂഹത്തിലുണ്ട്. സർക്കാർ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടി വരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്രമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന പഴയ ആരോപണം തന്നെ ആവർത്തിച്ച് ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ജിഎസ്ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കുന്നതിൽ വലിയ അധികാര നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറയുന്നു. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി നികുതി പിരിവ് ചുരുങ്ങി. ജിഎസ്ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും കേരളത്തിന്റെ വരുമാനത്തിൽ തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിലെ സെമിനാറുകളിൽ ഉയർന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളും നവകേരള നിർമിതിക്കുളള മാർഗരേഖകളാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന് പുറത്തു നിന്ന് വന്ന പ്രഭാഷകർ കേരളത്തിന്റെ സാമൂഹ്യ പുരോഗതിയുടെ വിശദാംശങ്ങൾ താൽപര്യത്തോടെ അറിയാൻ ശ്രമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിന്റെ സ്‌പോൺസർമാർ ആരെന്ന് വെളിപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം ചിരിയോടെ തളളുകയായിരുന്നു മുഖ്യമന്ത്രി. ഇതാണ് നമ്മുടെ നാടിന്റെ പ്രശ്‌നമെന്നും നാടിനെ ഇകഴ്ത്താനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ, ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോയെന്നായിരുന്നു പ്രതികരണം. സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post