കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താന്റെ കണക്കുകൂട്ടലുകൾ വീണ്ടും പിഴച്ചു. സെമി ഉറപ്പിക്കാൻ ഇംഗ്ലണ്ടിനോട് വൻമാർജിനിൽ വിജയം അനിവാര്യമായിരുന്ന പാകിസ്താൻ 93 റൺസിന് തോറ്റു. ഇതോടെ ഈ ലോകകപ്പിൽ സെമി കാണാതെ പാകിസ്താൻ പുറത്തായി.
ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ 244 റൺസിന് പുറത്തായി. ടോസിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തപ്പോൾ തന്നെ പാകിസ്താന്റെ വിധി നിർണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. വിജയലക്ഷ്യം 6.2 ഓവറിൽ മറികടന്നെങ്കിൽ മാത്രമേ പാകിസ്താന് സെമി ഉറപ്പിക്കാനാകുമായിരുന്നുളളൂ.
ബെൻ സ്റ്റോക്‌സ് (76 പന്തിൽ 84 റൺസ്), ജോ റൂട്ട് (72 പന്തിൽ 60), ജോണി ബെയർ സ്‌റ്റോ (61 പന്തിൽ 59) എന്നിവരുടെ അർദ്ധസെഞ്ചുറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് 337 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ പാകിസ്താന് വേണ്ടി അഘ സൽമാൻ മാത്രമാണ് അർദ്ധ സെഞ്ചുറി (45 പന്തിൽ 51 റൺസ്) നേടിയത്. ക്യാപ്റ്റൻ ബാബർ അസം 38 റൺസും മുഹമ്മദ് റിസ്വാൻ 36 റൺസും നേടി. സൗദ് ഷക്കീൽ 29 റൺസ്, ഷഹീൻ ഷാ അഫ്രീദി 25 റൺസ് എന്നിവരും പാകിസ്താന്റെ തോൽവിയുടെ ആഘാതം കുറയ്ക്കാൻ സംഭാവന നൽകി.
പാകിസ്താന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് വസീമും രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ടൂർണമെന്റിൽ പാകിസ്താൻ പൂർണ പരാജയമാണെന്ന് പറയാനാകില്ലെന്ന് ക്യാപ്റ്റൻ ബാബർ അസം പിന്നീട് പ്രതികരിച്ചു. ഒരുമിച്ചിരുന്ന് വിലയിരുത്തും. പോസിറ്റീവുകൾ സ്വീകരിക്കുന്നു. പിഴവുകൾ വിലയിരുത്തും. ടീമിനെ വീണ്ടും കെട്ടിപ്പടുക്കാൻ നേതൃത്വം നൽകാൻ തയ്യാറാണെന്നും ബാബർ അസം പറഞ്ഞു
Discussion about this post