തിരൂർ; റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടയിൽ ചീറിപ്പാഞ്ഞെത്തിയ വന്ദേഭാരത് ട്രെയിനിന് മുൻപിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് വയോധികൻ. തിരൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ടായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശിയായ വയോധികനാണ് ജീവിതത്തിനും മരണത്തിനുമിടയിലുളള നിമിഷം ആയുസിന്റെ ബലം കൊണ്ട് അതിജീവിച്ചത്.
പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാരൻ പകർത്തിയ വീഡിയോ തിരൂർ സ്വദേശി വിഷ്ണു ഗോമുഖം ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വൈകിട്ട് അഞ്ചേകാലോടെ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കുളള വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇയാൾ ട്രാക്കിലേക്ക്് ഇറങ്ങിയത്. സ്‌റ്റേഷന്റെ ഒരു വശത്തുളള മാർക്കറ്റിന്റെ ഭാഗത്ത് നിന്നും പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ മൂന്നാം നമ്പർ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഇതിനോട് ചേർന്ന ട്രാക്കിൽ റെയിൽവേയുടെ ഇൻസ്‌പെക്ഷൻ ട്രെയിനും രണ്ട് ബോഗികളും ഉൾപ്പെടെ നിർത്തിയിട്ടിരുന്നു. വയോധികൻ ട്രാക്കിലേക്ക് കടക്കുമ്പോൾ ട്രെയിൻ 150 മീറ്ററോളം അടുത്തെത്തിയിരുന്നു. എന്നാൽ പെട്ടന്നുണ്ടായ വെപ്രാളത്തിൽ തിരിഞ്ഞുപോകാതെ ഇയാൾ ട്രാക്കിലേക്ക് തന്നെ ഓടിക്കയറി. കൈകൾ കുത്തി ഉയർന്നുകിടന്ന പ്ലാറ്റ്‌ഫോമിലേക്ക് ഇയാൾ കയറുന്നതും ട്രെയിൻ കടന്നുപോകുന്നതും തലനാരിഴയ്ക്കാണ്. വീഡിയോയിൽ ഇത് വ്യക്തമായി കാണാം.
പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാർ അവിശ്വസനീയതോടെ തലയിൽ കൈവെച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. മരണമുഖത്ത് നിന്ന് രക്ഷപെട്ടെങ്കിലും പെട്ടന്നുണ്ടായ മാനസീക സമ്മർദ്ദത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ ജീവനക്കാരും ആശ്വസിപ്പിച്ച് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
Discussion about this post