ടെലിവിഷനുകളും സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചെന്നല്ല, ഒരു നിമിഷത്തെ കുറിച്ച് പോലും ചിന്തിക്കാൻ ആകാത്തവരാണ് ഇന്നത്തെ യുവതലമുറയിൽ അധികം പേരും. ഒരർത്ഥത്തിൽ പറഞ്ഞാൽ, സ്ക്രീനുകൾ ഭരിക്കുന്ന ഒരു ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ഈ സ്ക്രീനുകൾ നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
വിനോദം മുതൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തിക്കാൻ വരെ ഇന്ന് നമ്മൾ ഈ സ്ക്രീനുകളെയാണ് ആശ്രയിക്കുന്നത്. പണ്ടുകാലത്ത് സിനിമാ തിയേറ്ററുകളിൽ പോയി തല്ല്കൂടി ടിക്കറ്റ് എടുക്കാനും കടകളിൽ തിക്കിത്തിരക്കി സാധനം വാങ്ങാനും നാം ചിലവഴിച്ചിരുന്ന കായിക ശേഷി ഇന്ന് അലസതയ്ക്ക് വഴിമാറിയിരിക്കുന്നു. ഇത് നമ്മുടെ വൃക്കകളെ വരെ തകരാറിലാക്കുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നു.
നമ്മുടെ ശരീരത്തിലെ സ്വാഭാവിക അരിപ്പകളാണ് വൃക്കകൾ. ശരീരത്തിൽ നിന്നും അഴുക്കിനെയും അധിക സ്രവങ്ങളെയും പുറന്തള്ളൽ, ഇലക്ട്രോലൈറ്റുകളുടെ തോത് ശരിയായി ക്രമീകരിക്കൽ എന്നിവയാണ് വൃക്കകളുടെ പ്രധാന ധർമങ്ങൾ.
ഇന്നത്തെ കാലത്ത് അധിക സമയവും സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്നവർക്ക് കായിക അദ്ധ്വാനമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നില്ല. കൃത്യമായി വ്യായാമം ഇല്ലാത്ത അവസ്ഥ പൊണ്ണത്തടി, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇവ രണ്ടും വൃക്കകളുടെ ശരിയായ പ്രവർത്തനങ്ങൾക്ക് ഹാനികരമാകുന്നു.
ഒരുപാട് സമയം സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്നവർ കൃത്യസമയത്ത് വെള്ളം കുടിക്കാൻ മറന്ന് പോകുകയോ മടികാട്ടുകയോ ചെയ്യുന്നു. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. ശരീരത്തിൽ നിന്നും കൃത്യമായി മാലിന്യങ്ങളും വിഷവസ്തുക്കളും പുറന്തള്ളാൻ വൃക്കകൾക്ക് ജലം അനിവാര്യമാണ്.
രാത്രി ഉറങ്ങാതെ ഫോണിൽ നോക്കി ഇരിക്കുന്നവരുടെ കണ്ണുകൾക്ക് ദോഷകരമാണ് സ്ക്രീനിൽ നിന്നും വരുന്ന നീല വെളിച്ചം. ഇത് നമ്മുടെ സ്വാഭാവികമായ ഉറക്ക സമയങ്ങളുടെ താളം തെറ്റിക്കുന്നു. ഇത് രക്തസമ്മർദ്ദത്തിലേക്കും തത്ഫലമായി വൃക്കകളുടെ നാശത്തിലേക്കും വഴിവെക്കുന്നു.
ജോലിയുടെ ഭാഗമായോ സാമൂഹിക മാദ്ധ്യമ ഉപയോഗത്തിന്റെ ഭാഗമായോ ദീർഘനേരം സ്ക്രീനുകൾക്ക് മുന്നിൽ ഇരിക്കുന്നത് മാനസിക സമ്മർദ്ദം ഉയർത്തുകയും മാനസികാരോഗ്യം അപകടത്തിലാക്കുകയും ചെയ്യുന്നു. ദീർഘകാലമായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വൃക്കകളെയും തകരാറിലാക്കുന്നു.
കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ് ഈ സാഹചര്യത്തിൽ എല്ലാവർക്കും കരണീയമായ മാർഗം. സ്ക്രീനുകൾക്ക് മുന്നിൽ നിന്നും ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നതും ശരീരം ആരോഗ്യകരമായി ചലിപ്പിക്കുന്നതും ഗുണം ചെയ്യും.
ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഫോണുകളിൽ തന്നെ റിമൈൻഡറുകൾ സെറ്റ് ചെയ്യാം.
സ്ക്രീൻ സമയം കുറയ്ക്കുക എന്നത് തന്നെയാണ് ആരോഗ്യത്തോടെ ഇരിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം. വിനോദങ്ങൾക്കായി കായിക ഇനങ്ങളിൽ ഏർപ്പെടുകയോ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യുന്നത് പതിവാക്കുക.
ഉറങ്ങുന്നതിന് മുൻപ് നിർബന്ധമായും ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയക്രമം സ്വയം ഏർപ്പെടുത്തുക.
ഇത്തരത്തിൽ സ്ക്രീൻ സമയം കുറയ്ക്കുന്നത് പരിഗണിക്കുകയും കായിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നത് വഴി ഈ ഡിജിറ്റൽ യുഗത്തിൽ നമുക്ക് സന്തുലിതമായി മുന്നേറാനും അതുവഴി വൃക്കകളുടെ ഉൾപ്പെടെ മുഴുവൻ ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും മാനസികമായി ഉല്ലാസത്തോടെ ജീവിക്കാനും സാധിക്കുന്നു.
Discussion about this post