കണ്ണൂർ: മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് വിളിച്ചുകൊണ്ടുള്ള വിമർശനങ്ങൾ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളി തന്നെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
മരുമകൻ എന്ന വിളി ഭയപ്പെടുത്താനുള്ള നീക്കമാണ്. മിണ്ടിയാൽ നിങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കും എന്ന മുന്നറിയിപ്പാണ് നൽകുന്നത്. മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് യാഥാർത്ഥ്യമാണ്. അതൊരു തെറ്റ് അല്ലല്ലോ,’ മുഹമ്മദ് റിയാസ് ചോദിച്ചു. ബാക്കി എന്തും പറഞ്ഞോട്ടെ എന്നും അത് ജനങ്ങൾക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ എല്ലാം മനസിലാക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു.
2020 ജൂൺ 15 നായിരുന്നു മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായുള്ള വിവാഹം. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായിരുന്നു വിവാഹ സമയത്ത് മുഹമ്മദ് റിയാസ്. 2021 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മരുമകനായതിനാലാണ് റിയാസിന് മന്ത്രിസ്ഥാനം ലഭിച്ചത് എന്നായിരുന്നു പരക്കെയുണ്ടായ ആക്ഷേപം.
Discussion about this post