ജയ്പൂർ: രാജസ്ഥാൻ നിയമസഭയിലെ 200ൽ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6.00 മണിക്ക് അവസാനിക്കും. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കൂനാറിന്റെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച ശ്രീഗംഗാനഗർ ഒഴികെയുള്ള മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ തൊഴുത്തിൽ കുത്തും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ മികച്ച പ്രതിച്ഛായയും സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നാണ് ഏറെക്കുറേ എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരിക്കുന്നത്.
മറുവശത്ത്, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ യുവനേതാവ് സച്ചിൻ പൈലറ്റും സംഘവും നടത്തുന്ന പരസ്യമായ വെല്ലുവിളികൾ കോൺഗ്രസിന് തലവേദനയാണ്. സ്ത്രീകൾക്കെതിരായ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ, പ്രീണന രാഷ്ട്രീയം, അഴിമതി, ചോദ്യപേപ്പർ ചോർച്ചകൾ, തൊഴിലില്ലായ്മ എന്നിവ സജീവമായ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കി മാറ്റാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ നേട്ടങ്ങളും ക്ഷേമ പദ്ധതികളും തുണയാകും എന്നാണ് കോൺഗ്രസിന്റെ വിശ്വാസം. പാർട്ടി അധികാരത്തിൽ എത്തിയാൽ നൽകാമെന്ന് പ്രഖ്യാപിച്ച ഏഴ് വാഗ്ദാനങ്ങൾ ജനം ഏറ്റെടുക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്ര, ഗെഹ്ലോട്ട് മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ തുടങ്ങിയവരാണ് കോൺഗ്രസിന്റെ പ്രധാന സ്ഥാനാർത്ഥികൾ. മറുവശത്ത് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോർ, മുൻ മുഖ്യമന്ത്രി വസുന്ദര രാജെ, എം പിമാരായ ദിയാ കുമാരി, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ഗുർജർ നേതാവ് കിരോഡി സിംഗ് ബൈൻസ്ലയുടെ മകൻ വിജയ് ബൈൻസ്ല എന്നിവരാണ് ബിജെപിയുടെ പ്രധാന സ്ഥാനാർത്ഥികൾ.
കോൺഗ്രസിൽ നിന്നും പാർട്ടിയിലെത്തിയ ഗിരിരാജ് സിംഗ് മലിംഗ ഉൾപ്പെടെ 59 സിറ്റിംഗ് എം എൽ എമാർക്ക് ബിജെപി വീണ്ടും അവസരം നൽകുമ്പോൾ 97 സിറ്റിംഗ് എം എൽ എമാരെയാണ് കോൺഗ്രസ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും പുറമേ ആർ എൽ പി, ഭാരത് ആദിവാസി പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി, ആം ആദ്മി പാർട്ടി, എ ഐ എം ഐ എം എന്നിവരും മത്സര രംഗത്തുണ്ട്. ചില സീറ്റുകളിൽ സിപിഎമ്മും മത്സരിക്കുന്നു.
Discussion about this post