കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള ബസ് യാത്രയിൽ ഒരു തെറ്റുമില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീട്ടിൽ ബസ് കൊണ്ടുപോയി ഇട്ടാൽ തെറ്റാണെന്നും മുകേഷ് പറഞ്ഞു. റോബിൻ ബസ് വിഷയം ഇപ്പോൾ സിനിമയാകുന്നത് പബ്ലിസിറ്റി മുതലെടുക്കാനാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.
കൊച്ചിയിൽ മുകേഷിന്റെ പുതിയ സിനിമയായ കാഥികന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ആയിരുന്നു മുകേഷിന്റെ പ്രതികരണം. ഞാൻ ഒരു സിനിമാക്കാരനാണ്. റോബിൻ ബസ് വിഷയം ഇപ്പോൾ സിനിമയാക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ഈ രീതിയിൽ അങ്ങ് കയറി പോകാം എന്നാണ്. മുകേഷ് പറഞ്ഞു.
നവകേരള ബസിനെക്കുറിച്ച് എന്തൊക്കെയായിരുന്നു പ്രചരിച്ചതെന്ന് മുകേഷ് ചോദിച്ചു. മുഖ്യമന്ത്രിക്ക് പകുതി സ്ഥലം. ബാക്കിയുളള മന്ത്രിമാർ ഞെങ്ങി ഞെരുങ്ങി ഇരിക്കുവാണ്. ഒരു ബംഗ്ലാവ് ഇങ്ങനെ നീങ്ങുവാണോയെന്ന് തോന്നിപ്പോയി എന്നാണ് പ്രചരിച്ചത്. പക്ഷെ ഇപ്പോൾ എല്ലാവരും കയറി കണ്ടല്ലോ. സാധാരണ ബസ് ആണത്.
കെഎസ്ആർടിസി വേറെ തരത്തിൽ വാടകയ്ക്ക് കൊടുത്ത് അവരുടെ സ്വത്താകുകയാണെങ്കിൽ പിന്നെ എന്താണ് അതിൽ പ്രശ്‌നമെന്നും മുകേഷ് ചോദിച്ചു. സംവിധായകൻ ജയരാജിനൊപ്പമാണ് മുകേഷ് വാർത്താസമ്മേളനത്തിന് എത്തിയത്.
റോബിൻ ബസ് വിഷയം സിനിമയാക്കുന്നതായി പ്രശാന്ത് മോളിക്കൽ എന്ന സംവിധായകനാണ് അറയിച്ചത്. അനൗൺസ്‌മെന്റ് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് മുകേഷിനോട് ചോദ്യങ്ങളുയർന്നത്.
Discussion about this post